കാഞ്ഞങ്ങാട്: മനക്കരുത്തും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ എന്തു വൈകല്യമെന്ന ചോദ്യം സമൂഹത്തിലേക്കെറിയുകയാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശി ഫാഹിസ് ഫര്ഹാന് എന്ന 18 കാരന്. ജന്മനാ ഇടതു കൈയുടെ മുട്ടിനു താഴെ ഭാഗം ഇല്ലാത്ത ഫാഹിസ് ഒറ്റ കൈ കൊണ്ട് സൈക്കിള്‍ ഓടിച്ചു കാശ്മീരിന്റെ ഹൃദയം കീഴടക്കുവാനൊരുങ്ങുകയാണ്. 3500 കിലോമീറ്റര്‍ സഞ്ചരിച്ച് ഉത്തരേന്ത്യ മുഴുവന്‍ കറങ്ങി സൗന്ദര്യഭൂമിയായ കാശ്മീരിലെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഫാഹിസ് യാത്ര തുടങ്ങിയത്. സുഹൃത്ത് ജില്ഷാദുമൊത്താണ് സൈക്കിള്‍ സവാരി. ഈ മാസം നാലിനാണ് തിരൂരങ്ങാടിയില്‍ നിന്നും ഇവര്‍ ദൗത്യം തുടങ്ങിയത്. 2019ല്‍ ഊട്ടിയിലേക്ക് നടത്തിയ 340 കിലോമീറ്റര്‍ യാത്രയും കഴിഞ്ഞ വര്‍ഷം നവംബറില്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ 850 കിലോമീറ്റര്‍ സൈക്കിള്‍ യാത്രയും നല്കിയ ആത്മധൈര്യമാണ് ഉത്തരേന്ത്യ കറങ്ങി കാശ്മീര്‍ യാത്ര പുറപ്പെടാന്‍ കരുത്ത് നല്‍കിയത്. യാത്രയ്ക്ക് പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലെന്നും പ്ലസ്ടു കഴിഞ്ഞ് വീട്ടിലിരിക്കുന്നതിനാല്‍ വിരസത ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടു മാസം നീണ്ടു നില്ക്കുന്ന ദീര്‍ഘദൂര യാത്ര തീരുമാനിച്ചതെന്നും ഇവര്‍ പറഞ്ഞു. അതേസമയം ഭിന്നശേഷിക്കാരുടെ ഒളിമ്പിക്സില്‍ സൈക്കിള്‍ ഓട്ടത്തില്‍ പങ്കെടുക്കണമെന്ന ആഗ്രഹമുണ്ട്. ഒരു സര്‍ക്കാര്‍ ജോലി വേണമെന്നതും ആഗ്രഹമാണ്. തിരൂരങ്ങാടി പൈക്ക് റൂട്ട്സ് സൈക്കിള്‍ ക്ലബ്ബാണ് യാത്രയ്ക്ക് പ്രചോദനം നല്‍കിയത്. ദിവസം 80 കിലോമീറ്റര്‍ വരെ യാത്ര ചെയ്യുകയാണ് ലക്ഷ്യം. ഇന്നലെയാണ് കാസര്‍കോട് ജില്ലയിലെത്തിയത്. കാഞ്ഞങ്ങാട്ടെ വ്യാപാരിയും പൊതുപ്രവര്‍ത്തകനുമായ ഫൈസല്‍ സൂപ്പര്‍ ആവശ്യമായ സഹായങ്ങള്‍ ഇവര്‍ക്ക് നല്കി. വെള്ളിമുക്ക് ആലുങ്ങല്‍ എരണിക്കല്‍ അബ്ദുല്‍ ഖാദറിന്റെയും നഹീമയുടെയും മകനാണ് ഫാഹിസ് ഫര്ഹാന്.