75 വയസ്സിന് മുകളിലുള്ളവര്‍ നികുതി അടയ്‌ക്കേണ്ടേ? വ്യക്തതയുമായി കേന്ദ്രം
ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിന സ്മരണാര്‍ത്ഥം 75 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്‍മാര്‍ നികുതി അടക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു എന്ന ഉള്ളടക്കമുള്ള സന്ദേശം വ്യാപകമായി പ്രചരിക്കുകയാണ്. മുതിര്‍ന്ന പൗരന്‍മാരുടെ വരുമാനം പെന്‍ഷനും മറ്റ് പദ്ധതികളില്‍ നിന്നുള്ള വരുമാനവുമാണ്. അതുകൊണ്ട് ഈ വിഭാഗക്കാര്‍ ഒരു തരത്തിലുള്ള നികുതിയും അടക്കേണ്ടതില്ലെന്നും ഇംകം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതില്ലെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് തീരുമാനമെടുത്തെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ സന്ദേശം വ്യാജമാണെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. പെന്‍ഷന്‍ മാത്രം കൈപറ്റുന്ന 75 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്‍മാര്‍ ഇംകം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതില്ലെന്നും എന്നാല്‍ ആവശ്യമെങ്കില്‍ വരുമാനത്തിനാനുപാതികമായി നികുതി അടക്കേണ്ടതുണ്ടെങ്കില്‍ അത് പ്രസ്തുത ബാങ്ക് ഈടാക്കുമെന്നും ഇതില്‍ ഇളവില്ലെന്നും കേന്ദ്രം വ്യക്തമാക്കി.