'ചെവിയില്‍ പാമ്പ്' : പ്രചരിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യമെന്ത്

തലശ്ശേരി സ്വദേശിനിയുടെ ചെവിയില്‍ കുടുങ്ങിയ പാമ്പ് എന്ന പേരില്‍ വാട്‌സ്ആപ്പ് , ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് തുടങ്ങി മിക്ക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി വീഡിയോ പ്രചരിക്കുകയാണ്. ദൃശ്യം ആര് കണ്ടാലും ഒരു നിമിഷം പകച്ച് പോകും. ഒപ്പം യാഥാര്‍ത്ഥ്യമാണെന്നും തോന്നും. യുവതിയുടെ ചെവിയില്‍ തല പുറത്തേക്കിട്ടിരിക്കുന്ന പാമ്പിനെ ഫോര്‍സെപ്‌സ് ഉപയോഗിച്ച് പുറത്തെടുക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്.

വീഡിയോയ്‌ക്കൊപ്പം പ്രചരിക്കുന്ന വാര്‍ത്ത താഴെ

തലശ്ശേരി : കോപേര്‍ട്ടി ഹോസ്പിറ്റലില്‍ സമീപം അമ്പാടി വീട്ടില്‍ ലിബിന യുടെ ചെവിയില്‍ ഉറങ്ങി കിടക്കുന്ന സമയത്തു ഉഗ്ര വിഷമുള്ള പാമ്പിനെ പിടികൂടി ഇന്ന് 18/2/2025ന് ഉച്ചയ്ക്ക് 2.30ന് ആണ് സംഭവം ഉറങ്ങി കിടക്കുന്ന സമയത്തായിരുന്നു സംഭവം സ്വന്തം വീട്ടില്‍ കട്ടിലില്‍ കിടന്നതായിരുന്നു ഫയര്‍ഫോഴ്സ്, ഫോറെസ്റ്റ് കാരും ചേര്‍ന്നാണ് പാമ്പിനെ പുറത്ത് എടുത്തത്. ഭാഗ്യത്തിന് കടിയേറ്റില്ല പുറത്തെടുത്തു മണിക്കൂര്‍കള്‍ക്ക് അകം പാമ്പ് (വള്ളിക്കട്ടന്‍ അഥവാ വളയാരപ്പന്‍) ചത്തു. പകല്‍ ഉറങ്ങുന്നവര്‍ ഒന്ന് ശ്രദ്ധികുക പുറത്തു ചൂട് കൂടുമ്പോള്‍ പാമ്പുകള്‍ തണുപ്പ് തേടി വീടുകളിലേക്ക് വരും എല്ലാവരും വീടിനു ചുറ്റും മണ്ണെണ്ണ ഡീസല്‍ എന്നിവ തെളിക്കുവാന്‍ ഫോറെസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാല്‍ ഇത്തരമൊരു സംഭവം തലശേരിയില്‍ ഉണ്ടായിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. ചെവിയില്‍ പാമ്പിന് കയറിയിരിക്കാനുള്ള സ്ഥലം ഇല്ലെന്നിരിക്കെയും ഒപ്പം തലപുറത്തേക്കിട്ട് പാമ്പിനിരിക്കാനാവില്ലെന്നും ചര്‍ച്ചകള്‍ വന്നതോടെ വീഡിയോ വ്യാജമാണെന്ന് ഉറപ്പാവുകയായിരുന്നു, ചെവിയില്‍ കാണുന്ന പാമ്പ് ഫോര്‍സെപ്‌സ് കൊണ്ട് തൊടുമ്പോഴാണ് അനങ്ങുന്നതെന്നും ശ്രദ്ധിച്ച് നോക്കിയാല്‍ മനസ്സിലാവും.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it