'മാര്‍ക്കോ' കാണാന്‍ ഗര്‍ഭിണിയായ ഭാര്യയേയും കൊണ്ടുപോയി നടന്‍; സിനിമ തീരും മുമ്പെ തിയറ്ററില്‍ നിന്നും ഇറങ്ങിപ്പോയി

ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ 'മാര്‍ക്കോ' ക്ക് എതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. ചിത്രത്തിലെ ക്രൂരമായ അക്രമം തന്നെയാണ് വിമര്‍ശനങ്ങള്‍ക്ക് പ്രധാനമായും ഇടനല്‍കുന്നത്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രധാനമായും ചര്‍ച്ചയാകുന്നത് ചിത്രം കാണാന്‍ പോയ തെലുങ്ക് നടന്‍ കിരണ്‍ അബ്ബവാരവും ഗര്‍ഭിണിയായ ഭാര്യയും സിനിമ പകുതിയെത്തും മുന്‍പേ തിയറ്ററില്‍ നിന്നും മടങ്ങിയതാണ്.
തീവ്രമായ വയലന്‍സിന് പേരുകേട്ട ചിത്രം കണ്ട് കിരണിന്റെ ഗര്‍ഭിണിയായ ഭാര്യയ്ക്ക് അസ്വസ്ഥത വന്നതോടെ, ദമ്പതികള്‍ തിയറ്ററില്‍ നിന്നും പുറത്തിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അമിതമായ ക്രൂരതയും അക്രമവും കാരണം തന്റെ ഭാര്യയ്ക്ക് മാര്‍ക്കോ കണ്ടിരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് അബ്ബവാരം പറയുന്നത്.
'ഞാന്‍ മാര്‍ക്കോ കണ്ടു, പക്ഷേ പൂര്‍ത്തിയാക്കിയില്ല. രണ്ടാം പകുതി കണ്ടിരിക്കാന്‍ കഴിയാത്തതിനാല്‍ ഞാന്‍ പുറത്തേക്ക് പോയി. അക്രമം അല്‍പ്പം കൂടുതലായി തോന്നി. ഞാന്‍ എന്റെ ഭാര്യയോടൊപ്പമാണ് പോയത്. അവള്‍ ഗര്‍ഭിണിയാണ്. അതിനാല്‍ ഞങ്ങള്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ പുറത്തേക്ക് പോയി. അവള്‍ക്കും സിനിമ സുഖകരമായി തോന്നിയില്ല.'ഗലാട്ട തെലുങ്കിനു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്തല്‍.
'സിനിമകള്‍ സ്വാധീനം ചെലുത്താറുണ്ട്. നമ്മള്‍ കാണുന്നതെന്തും കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും നമ്മില്‍ നിലനില്‍ക്കും. എല്ലാവരുടെയും ചിന്താഗതി ഒരുപോലെയാകില്ല, സിനിമയെ സിനിമയായി കാണുന്നവരുണ്ട്. പക്ഷേ അതില്‍ നിന്ന് എന്തെങ്കിലും ഉള്‍ക്കൊള്ളുന്നവരുമുണ്ട്. ഇപ്പോള്‍ ഞാന്‍ അതില്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ടാകില്ല. പക്ഷേ എന്റെ കൗമാരത്തിന്റെ അവസാനത്തിലോ ഇരുപതുകളുടെ തുടക്കത്തിലോ, ഞാനും സ്വാധീനിക്കപ്പെട്ടിരുന്നു'- എന്നും കിരണ്‍ പറയുന്നു.
'മാര്‍ക്കോ' സിനിമയുടെ വയലന്‍സുമായി ബന്ധപ്പെട്ട് കേരളത്തിലും വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നിരുന്നു. സമൂഹത്തിലെ യുവാക്കളുടെ അക്രമവാസനയ്ക്ക് മാര്‍ക്കോ പോലുള്ള സിനിമകള്‍ സ്വാധീനം ചെലുത്തുമെന്നാണ് ഭൂരിഭാഗം പേരുടേയും അഭിപ്രായ പ്രകടനം. എന്നാല്‍ സിനിമയെ സിനിമയായി കാണണമെന്നും ഇതൊക്കെ വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്ന അഭിപ്രായം നടത്തുന്നവരുമുണ്ട്.
നിയോ നോയര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ 'മാര്‍ക്കോ' ഹനീഫ് അദേനിയാണ് സംവിധാനം ചെയ്തത്. ക്യൂബ്‌സ് എന്റര്‍ടെയ് ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തില്‍ ഉണ്ണി മുകുന്ദനെ കൂടാതെ സിദ്ദീഖ്, ജഗദീഷ്, കബീര്‍ ദുഹാന്‍ സിംഗ്, അഭിമന്യു, ഷമ്മി തിലകന്‍, ആന്‍സന്‍ പോള്‍, ഇഷാന്‍ ഷൗക്കത്ത്, യുക്തി താരേജ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.