കിടിലന്‍ മേക്കോവറുമായി നടി അമല പോള്‍; ഏറ്റെടുത്ത് ആരാധകര്‍

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് നടി അമല പോള്‍. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ അമല പങ്കുവച്ച പുതിയ ചിത്രം ഇപ്പോള്‍ വൈറലാണ്. കുഞ്ഞുണ്ടായ ശേഷം ഇത് ആദ്യമായാണ് തന്റെ മേക്ക് ഓവര്‍ ലുക്ക് അമല പുറത്തു വിട്ടത്. അടിക്കുറിപ്പുകളൊന്നുമില്ലാതെയാണ് ചിത്രം പങ്കുവച്ചത്.

ചിത്രത്തില്‍ ടി ഷര്‍ട്ട് ധരിച്ച് അടിപൊളി ലുക്കിലാണ് അമല എത്തിയത്. പോസ്റ്റ് ചെയ്ത് അല്‍പ സമയത്തിനകം തന്നെ ഗ്ലാമര്‍ വേഷത്തിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു.

സിനിമയില്‍ സജീവമായിരുന്ന അമല മകന്‍ പിറന്നശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു. 2024 ജൂണ്‍ 11ന് ആയിരുന്നു അമല പോളിന് ആണ്‍കുഞ്ഞ് ജനിച്ചത്. ഇളൈ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.

2023 നവംബറിലായിരുന്നു താരത്തിന്റെ വിവാഹം. ടൂറിസം - ഹോസ്പിറ്റാലിറ്റി മേഖലയില്‍ ജോലി ചെയ്യുന്ന ഗുജറാത്ത് സ്വദേശി ജഗദ് ദേശായിയെ ആണ് അമല വിവാഹം കഴിച്ചത്. അഭിമുഖങ്ങളിലെല്ലാം ഭര്‍ത്താവിനെ കുറിച്ച് വാതോരാതെയാണ് 33കാരിയായ അമല പറയാറുള്ളത്.

വസ്ത്രധാരണത്തെക്കുറിച്ചും പേഴ്‌സണല്‍ ലൈഫിനെക്കുറിച്ചുമുള്ള നെഗറ്റീവ് കമന്റുകളൊന്നും മുഖവിലക്കെടുക്കാറില്ല താരം. തനിക്ക് കംഫര്‍ട്ടാവുന്ന വേഷങ്ങളാണ് ധരിക്കാറുള്ളത്, അത് മറ്റുള്ളവര്‍ എങ്ങനെ എടുക്കുന്നു എന്നത് തന്റെ ചിന്തയില്‍ ഇല്ലാത്ത കാര്യമാണെന്ന് താരം വ്യക്തമാക്കിയിരുന്നു.

ആസിഫ് അലി നായകനായെത്തിയ 'ലെവല്‍ ക്രോസി'ലാണ് നടി അവസാനം അഭിനയിച്ചത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിക്കിടെ അമല ധരിച്ച വസ്ത്രത്തെ ചൊല്ലി ഏറെ വിവാദം ഉണ്ടായിരുന്നു. ഇതിനെയെല്ലാം വളരെ ലാഘവത്തോടെയാണ് അമല നേരിട്ടത്. പ്രസവത്തിന് ശേഷം ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാകാനുള്ള ശ്രമത്തിലാണ് താരം.

Related Articles
Next Story
Share it