പ്ലസ് വണ്‍ ഇംപ്രൂവ് മെന്റ് / സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം അറിയാത്തതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍

പ്ലസ് വണ്ണില്‍ ലഭിച്ച മാര്‍ക്ക് കൂടി കൂട്ടിയാണ് പ്ലസ്ടു ഫലം തയാറാക്കുന്നത്.

പത്തനംതിട്ട: സംസ്ഥാനത്ത് പ്ലസ്ടു പരീക്ഷാഫലം കഴിഞ്ഞദിവസമാണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇത് വിദ്യാര്‍ഥികളില്‍ ആശങ്കയുണ്ടാക്കുന്നു.

പ്ലസ് വണ്ണില്‍ ലഭിച്ച മാര്‍ക്ക് കൂടി കൂട്ടിയാണ് പ്ലസ്ടു ഫലം തയാറാക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നേരത്തെ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ചിരുന്നു. പ്ലസ്ടു ഫലത്തോടൊപ്പം പ്ലസ് വണ്ണിലെ ഇംപ്രൂവ് മെന്റ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയം നടത്തിയശേഷമുള്ള മാര്‍ക്ക് കൂട്ടാനും അവസരമുണ്ടായിരുന്നു.

ഈ മാസം 5ന് ആണ് പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചത്. 12 വരെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനും അവസരം നല്‍കിയിരുന്നു. എന്നാല്‍ പുനര്‍മൂല്യനിര്‍ണയ ക്യാംപ് ഇതുവരെ തുടങ്ങിയിട്ടില്ലെന്നാണ് അറിയുന്നത്. ഈ വര്‍ഷം മാര്‍ച്ചിലെ പ്ലസ്ടു പൊതുപരീക്ഷയ്ക്ക് ഒപ്പമാണ് പ്ലസ് വണ്‍ ഇംപ്രൂവ് മെന്റ് / സപ്ലിമെന്ററി പരീക്ഷ നടത്തിയത്.

പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചവരില്‍ ചിലരുടെ ഗ്രേഡും മാര്‍ക്കും ഇപ്പോഴത്തതിനെക്കാള്‍ കൂടാനിടയുണ്ട്. സ്‌കൂളുകളുടെ വിജയശതമാനവും കൂടിയേക്കാം. 3,16,394 വിദ്യാര്‍ഥികള്‍ ഒന്നാംവര്‍ഷ ഇംപ്രൂവ് മെന്റ് / സപ്ലിമെന്ററി പരീക്ഷ എഴുതിയിട്ടുണ്ട്. ഇതില്‍ 35,812 വിദ്യാര്‍ഥികളുടെ ഫലം മെച്ചപ്പെട്ടിരുന്നു.

Related Articles
Next Story
Share it