കാര്യവട്ടം കോളജിലെ റാഗിംഗ്; 7 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കാര്യവട്ടം ഗവണ്‍മെന്റ് കോളജിലെ റാഗിംഗുമായി ബന്ധപ്പെട്ട് ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ ക്രൂരമായ റാഗിങ്ങിന് വിധേയരാക്കിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് നടപടി. മൂന്നാം വര്‍ഷ ബിരുദധാരികളായ ഏഴുപേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
വിവസ്ത്രനാക്കിയും മുളവടികൊണ്ട് തലയ്ക്കടിച്ചും തുപ്പിയ വെള്ളം കുടിപ്പിച്ചുമായിരുന്നു വിദ്യാര്‍ഥിക്ക് നേരെയുള്ള ക്രൂരത. സംഭവത്തില്‍ വിദ്യാര്‍ഥിയുടെ പരാതിയില്‍ കോളജിലെ റാഗിംഗ് കമ്മിറ്റി അന്വേഷണം നടത്തിയിരുന്നു. കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.
എസ്.എഫ്.ഐ. യൂണിറ്റ് റൂമിലെത്തിച്ചായിരുന്നു തന്നെ അതിക്രൂരമായി സീനിയര്‍ വിദ്യാര്‍ഥികള്‍ ഉപദ്രവിച്ചതെന്ന് റാഗിങ്ങിനിരയായ വിദ്യാര്‍ഥി മൊഴി നല്‍കിയിരുന്നു. ഒരു മണിക്കൂറോളം മുറിയില്‍ തടഞ്ഞുവെച്ച് വിചാരണ ചെയ്തുവെന്നും പറഞ്ഞിരുന്നു. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയടക്കമുള്ളവരാണ് റാഗിംഗിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴിയും പരിശോധിച്ചാണ് റാഗിങ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം പൊലീസ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നും പിന്നീട് പ്രതികരിക്കാമെന്നുമാണ് സംഭവത്തെ കുറിച്ച് എസ്.എഫ്.ഐ. ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.