പരീക്ഷാ ചൂടില്‍ യുഎഇയിലെ കേരള സിലബസ് വിദ്യാര്‍ഥികളും

അബുദാബി/ദുബായ്: യുഎഇയിലെ കേരള സിലബസ് വിദ്യാര്‍ഥികളും പരീക്ഷകളുടെ ചൂടിലാണ്. സി.ബി.എസ്.ഇ 10, 11, 12 പരീക്ഷകള്‍ ശനിയാഴ്ച മുതല്‍ ആരംഭിച്ചിരുന്നു. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ മോഡല്‍ പരീക്ഷയാണ് തിങ്കളാഴ്ച തുടങ്ങിയത്. ഡിസംബറില്‍ തന്നെ പാഠഭാഗങ്ങളെല്ലാം തീര്‍ത്ത് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ റിവിഷന്‍ ടെസ്റ്റുകള്‍ നടത്തിയും പോരായ്മകള്‍ പരിഹരിച്ചുമാണ് അധ്യാപകര്‍ കുട്ടികളെ പരീക്ഷയ്ക്ക് സജ്ജരാക്കിയിരിക്കുന്നത്.
ഏതെങ്കിലും വിഷയത്തില്‍ അല്‍പം പിന്നിലുള്ള വിദ്യാര്‍ഥികള്‍ക്ക് അധ്യാപകര്‍ പ്രത്യേക ക്ലാസുകളും നല്‍കുന്നുണ്ട്. ഏതുവിധേനയും കുട്ടികളെ നല്ല മാര്‍ക്കോട് കൂടി പാസ്സാക്കുക എന്നതാണ് അധ്യാപകരുടെ ഉത്തരവാദിത്തം. ഇതെല്ലാം കുട്ടികളെ സംബന്ധിച്ച് പരീക്ഷകളെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം നല്‍കുന്നവയാണ്. മോഡല്‍ പരീക്ഷ എഴുതുന്നതോടെ വരാനിരിക്കുന്ന വാര്‍ഷിക പരീക്ഷയെ അഭിമുഖീകരിക്കാന്‍ കുട്ടികള്‍ക്ക് നല്ല ആത്മവിശ്വാസം ലഭിക്കും. നല്ല മാര്‍ക്ക് നേടാന്‍ ഇത് സഹായിക്കുകയും ചെയ്യും.
മാര്‍ച്ച് 3 ന് ആണ് ബോര്‍ഡ് പരീക്ഷ. മോഡല്‍ പരീക്ഷയുടെ മാതൃകയില്‍ തന്നെയാണ് പൊതുപരീക്ഷയും എന്നതുകൊണ്ടുതന്നെ ഇനിയുള്ള ദിവസങ്ങളില്‍ പോരായ്മകള്‍ പരിഹരിച്ച് ശുഭാപ്തി വിശ്വാസത്തോടെ പരീക്ഷ എഴുതാനുള്ള തയാറെടുപ്പിലാണ് വിദ്യാര്‍ഥികള്‍.
തിങ്കള്‍ മുതല്‍ വ്യാഴം വരെ ദിവസവും 2 പരീക്ഷകളും വെള്ളിയാഴ്ച രാവിലെ മാത്രവുമാണ് പരീക്ഷ സജേജീകരിച്ചിരിക്കുന്നത്. എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്ക് രാവിലെ മലയാളം-1 ഉച്ചയ്ക്ക് മലയാളം-2 പരീക്ഷകളാണ്. പ്ലസ് വണ്ണിന് മലയാളം/ഹിന്ദി/അറബിക്.
ഉച്ചയ്ക്ക് ഇംഗ്ലിഷ്. പ്ലസ് ടുവിന് രാവിലെ ഫിസിക്‌സും ഉച്ചയ്ക്ക് കംപ്യൂട്ടര്‍ സയന്‍സും. കേരളത്തിലെ പരീക്ഷാ സമയത്തിന് ആനുപാതികമായി പ്ലസ് ടുവിന് രാവിലെ എട്ടുമണിക്കും എസ്.എസ്.എല്‍.സിക്ക് 8.15നുമാണ് പരീക്ഷ ആരംഭിക്കുക. പരീക്ഷാഭവന്‍ തത്സമയം ഇമെയില്‍ വഴി അയയ്ക്കുന്ന ചോദ്യപേപ്പര്‍ അപ്പോള്‍ തന്നെ പ്രിന്റ് എടുത്ത് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുകയാണ് ഇവിടെ.