ദേശീയ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ലഭിക്കുന്ന ഗ്രേസ് മാര്‍ക്ക് ഉയര്‍ത്തി

ഇനി മുതല്‍ ആദ്യസ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് മാത്രമല്ല, സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 8ാം സ്ഥാനം വരെ നേടുന്നവര്‍ക്കും ഗ്രേസ് മാര്‍ക്ക് ലഭിക്കും

തിരുവനന്തപുരം: ദേശീയ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ലഭിക്കുന്ന ഗ്രേസ് മാര്‍ക്ക് ഉയര്‍ത്തി. ഇനി മുതല്‍ ആദ്യസ്ഥാനങ്ങലില്‍ എത്തുന്നവര്‍ക്ക് മാത്രമല്ല, സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 8ാം സ്ഥാനം വരെ നേടുന്നവര്‍ക്കും ഗ്രേസ് മാര്‍ക്ക് ലഭിക്കും.

സംസ്ഥാന തലത്തില്‍ വിദ്യാഭ്യാസ വകുപ്പും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച അസോസിയേഷനുകളും നടത്തുന്ന കായിക മത്സരങ്ങളില്‍ ആദ്യ നാലു സ്ഥാനക്കാര്‍ക്ക് 20, 17, 14, 7 മാര്‍ക്ക് വീതമായിരുന്നു കഴിഞ്ഞ തവണ നല്‍കിയിരുന്നത്. ഇതില്‍ നാലാം സ്ഥാനക്കാര്‍ക്ക് 10 മാര്‍ക്കായി വര്‍ധിപ്പിച്ചു.

സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിനും ഗ്രേസ് മാര്‍ക്ക് ഏര്‍പ്പെടുത്തി. ദേശീയ കായിക മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്ക് 50 ആയി തുടരും. രണ്ടാം സ്ഥാനക്കാര്‍ക്ക് 45 (കഴിഞ്ഞ വര്‍ഷം 40), മൂന്നാം സ്ഥാനക്കാര്‍ക്ക് 40 (30), പങ്കെടുക്കുന്നവര്‍ക്ക് 35 (25) എന്നിങ്ങനെയാണ് വര്‍ധന.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മത്സരങ്ങളിലെ 5 മുതല്‍ 8 വരെ സ്ഥാനക്കാര്‍ക്ക് യഥാക്രമം 8, 6, 4, 2 മാര്‍ക്ക് വീതം ഏര്‍പ്പെടുത്തി. സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമില്‍ എ ഗ്രേഡിന് 25, ബി ഗ്രേഡിന് 15, സി ഗ്രേഡിന് 10 എന്നിങ്ങനെയാണ് ഗ്രേസ് മാര്‍ക്ക്. മറ്റു വിഭാഗങ്ങളിലെല്ലാം നിലവിലുള്ളത് തുടരും. പരീക്ഷയില്‍ 90% മാര്‍ക്കോ അതിനു മുകളിലോ ലഭിച്ചവര്‍ക്ക് ഗ്രേസ് മാര്‍ക്കിന്റെ ആനുകൂല്യം ലഭിക്കില്ല.

Related Articles
Next Story
Share it