കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയിലെ ചോദ്യപേപ്പര്‍ ചോര്‍ന്നത് പാലക്കുന്ന് ഗ്രീന്‍വുഡ് കോളേജില്‍ നിന്നും; അധ്യാപകര്‍ വാട്സാപ്പ് വഴി ചോര്‍ത്തിയെന്ന് കണ്ടെത്തല്‍
സിന്‍ഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായി വൈസ് ചാന്‍സലര്‍

കണ്ണൂര്‍: കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍വുഡ് കോളേജില്‍ അധ്യാപകര്‍ ചോദ്യ പേപ്പര്‍ വാട്സാപ്പ് വഴി ചോര്‍ത്തിയെന്ന് കണ്ടെത്തല്‍. ബി.സി.എ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോര്‍ത്തിയത്. മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ രണ്ട് വരെയായിരുന്നു പരീക്ഷ.
ചോദ്യ പേപ്പര്‍ ചോര്‍ത്തിയ സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ സര്‍വകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പര്‍ ചോര്‍ത്തിയതെന്ന് കണ്ടെത്തിയത്. സര്‍വകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ഇക്കാര്യം കണ്ടത്തിയത്.
ഇതേ തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല അധികൃതര്‍ ഗ്രീന്‍വുഡ് കോളേജിനെതിരെ പൊലീസില്‍ പരാതി നല്‍കി. സിന്‍ഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റി.
പരീക്ഷയ്ക്ക് രണ്ടുമണിക്കൂര്‍ മുന്‍പ് കോളേജ് പ്രിന്‍സിപ്പലിന്റെ ഇ-മെയില്‍ ഐഡിയിലേക്ക് യൂണിവേഴ്സിറ്റി അധികൃതര്‍ അയച്ച ചോദ്യപ്പേപ്പറിന്റെ ലിങ്കാണ് ചോര്‍ന്നത്. ഇത് വിദ്യാര്‍ഥികള്‍ക്ക് വാട് സാപ്പ് വഴി ഉള്‍പ്പെടെ ലഭ്യമാവുകയായിരുന്നു.
സംഭവം വിവാദമായതോടെ കോളേജിനെതിരെ കെ.എസ്.യു രംഗത്തെത്തി. കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കണമെന്നും പ്രിന്‍സിപ്പളിനെതിരെ കേസെടുക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു. പരീക്ഷയ്ക്ക് രണ്ട് മണിക്കൂര്‍ മുന്‍പ് മാത്രം കോളേജ് പ്രിന്‍സിപ്പളിന്റെ മെയിലിലേക്ക് വരുന്ന ചോദ്യപ്പേപ്പര്‍ വിദ്യാര്‍ഥികള്‍ക്ക് വാട് സാപ്പ് വഴി ലഭിച്ചത് പ്രിന്‍സിപ്പള്‍ അടക്കമുള്ളവരുടെ ഒത്താശയോടെയാണെന്ന് കെ.എസ്.യു ആരോപിച്ചു. ക്രമക്കേടിന് ഉത്തരവാദികളായ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യണമെന്നും കെ.എസ്.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.