ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്താന്‍ പാടില്ല; പിടിഎയുടെ അനധികൃത പിരിവും അനുവദിക്കില്ല; മന്ത്രി വി ശിവന്‍കുട്ടി

ഇത്തരം സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്‌

തിരുവനന്തപുരം: ഒന്നാം ക്ലാസിലേക്ക് കുട്ടികളെ ചേര്‍ക്കുന്നതിന് പ്രവേശന പരീക്ഷ നടത്തുന്നതിനെതിരെ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് സ്‌കൂളുകളിലെ പ്രവേശന പരീക്ഷയെ കുറിച്ചും പിടിഎയുടെ അനധികൃത പിരിവിനെ കുറിച്ചും മന്ത്രി അഭിപ്രായം അറിയിച്ചത്.

പ്രവേശന പരീക്ഷയും പിടിഎയുടെ അനധികൃത പിരിവും അനുവദിക്കില്ലെന്ന് പറഞ്ഞ മന്ത്രി ഇത്തരം സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. പ്ലസ് വണ്‍ പ്രവേശനത്തിന് യാതൊരു തരത്തിലുള്ള ക്രമക്കേടുകള്‍ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് എല്ലാ സ്‌കൂളുകളിലും ഈ മാസം 20 ന് പിടിഎ യോഗം ചേരണമെന്നും മന്ത്രി നിര്‍ദേശിച്ചു. മെയ് 25, 26 തിയതികളില്‍ സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. അതോടൊപ്പം ക്ലാസ് മുറികളുടെ സുരക്ഷ ഉറപ്പ് വരുത്തുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌കൂളുകളില്‍ ഫിറ്റ് നസ് ഉറപ്പാക്കുകയും നിര്‍മാണം നടക്കുന്ന സ്ഥലം വേര്‍തിരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

സ്‌കൂളും പരിസരവും നന്നായി വൃത്തിയാക്കണം. പിടിഎയും അധ്യാപകരും തദ്ദേശ സ്ഥാപനങ്ങളും സുരക്ഷാ അവലോകനം നടത്തണം. പുകയില, ലഹരി വിരുദ്ധ ബോര്‍ഡുകള്‍ സ്ഥാപിക്കണം. കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ഈ അധ്യയന വര്‍ഷത്തെ സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. പ്രവേശനോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം മേയ് 12 ന് രാവിലെ 10.30 ന് കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേരും.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി യോഗം ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പ്രധാന അധ്യാപകരും എസ് എം സി, പി ടി എ ഭാരവാഹികളും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് പി പി ചിത്തരഞ്ജന്‍ എം എല്‍ എ അറിയിച്ചു.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഇത്തവണ വിജയ ശതമാനം കുറഞ്ഞതില്‍ അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിജയ ശതമാനം കുറഞ്ഞ 10 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെ ലിസ്റ്റ് എടുത്തതായും ഇക്കാര്യത്തില്‍ പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് ആണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. എന്തുകൊണ്ട് വിജയ ശതമാനം കുറഞ്ഞുവെന്ന് കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ .19 വിജയ ശതമാനമാണ് ഇത്തവണ കുറവുണ്ടായത്. തിരുവനന്തപുരം ജില്ലയിലാണ് ഇത്തവണ ഏറ്റവും കുറവ് വിജയ ശതമാനം രേഖപ്പെടുത്തിയത്. കണ്ണൂര്‍ ജില്ലയിലാണ് വിജയ ശതമാനം ഏറ്റവും കൂടുതല്‍.

Related Articles
Next Story
Share it