കുട്ടികളെ വലയ്ക്കാതെ പത്താംക്ലാസ് മലയാളം പരീക്ഷ; എല്ലാ പാഠങ്ങള്‍ക്കും പ്രാധാന്യം നല്‍കിയുള്ള ചോദ്യങ്ങള്‍

കഴിഞ്ഞ ദിവസത്തെ പത്താംക്ലാസ് മലയാളം പരീക്ഷ വളരെ ലളിതമായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍. ഇത് വിദ്യാര്‍ഥികള്‍ക്ക് അടുത്ത പരീക്ഷകളെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം കൂട്ടി. എല്ലാ പാഠങ്ങള്‍ക്കും പ്രാധാന്യം നല്‍കിയുള്ള ചോദ്യങ്ങളായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്.
ഒന്നു മുതല്‍ അഞ്ചു വരെയുള്ള മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ക്ക് ആശയക്കുഴപ്പമില്ലാതെ ഉത്തരങ്ങള്‍ എഴുതാന്‍ കഴിഞ്ഞുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. അതുകൊണ്ടുതന്നെ സമയക്രമം പാലിക്കാനും കുട്ടികള്‍ക്ക് കഴിഞ്ഞു. വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഓണമുറ്റത്ത് എന്ന കവിതയിലെ പുള്ളുവന്‍ എന്ന് വിശേഷിപ്പിക്കുന്നത് ആരെ എന്ന ചോദ്യത്തിന് കവിയെ എന്ന് പാഠം ഹൃദ്യസ്ഥമാക്കിയവര്‍ക്ക് ആലോചിക്കാതെ തന്നെ എഴുതാം.
രണ്ടാമത്തെ ചോദ്യം ചിരബന്ധു എന്ന പദത്തിന് സന്ദര്‍ഭത്തിലുള്ള അര്‍ത്ഥമാണ് ചോദിച്ചത്. ദീര്‍ഘകാലമായുള്ള ബന്ധു എന്ന് കുട്ടികള്‍ക്ക് ഉത്തരം എഴുതാന്‍ കഴിയും. ഗുരുവചനം എന്ന പദത്തിന്റെ ശരിയായ വിഗ്രഹാര്‍ത്ഥം ഏത് എന്ന ചോദ്യത്തിന് ഗുരുവിന്റെ വചനം എന്നും ഉത്തരം എഴുതാന്‍ പ്രയാസമില്ല. കോരന്റെ ഹൃദയത്തെ നോവിച്ച അപരാധബോധത്തിന് കാരണം വൃദ്ധ പിതാവിനെ തകഴിയില്‍ തനിച്ചാക്കി മറുനാട്ടില്‍ പോയതാണെന്നും കുട്ടികള്‍ക്ക് അറിയാവുന്നതേ ഉള്ളൂ.
രണ്ടു മാര്‍ക്ക് വീതം ലഭിക്കുന്ന ചോദ്യങ്ങളും വലച്ചില്ല. പ്രയാസത്തിലാക്കിയത് ഉചിതമായ ചിഹ്നങ്ങള്‍ ചേര്‍ക്കുക എന്ന വിഭാഗത്തിലെ ചോദ്യങ്ങളാണ്. നാലു മാര്‍ക്കുള്ള ചോദ്യങ്ങളും സമയക്രമം പാലിച്ചുകൊണ്ട് ഉത്തരമെഴുതാന്‍ കഴിയുന്നതായിരുന്നു. 'ഓരോ വിളിയും കാത്ത്' കഥയിലെ മൗനത്തിലേക്ക് ഇറങ്ങിപ്പോകുന്നു, നിസ്സഹായതയിലേക്ക് വഴുതി വീണതു പോലെ എന്നീ പ്രയോഗങ്ങള്‍ കഥാസന്ദര്‍ഭത്തെ ഭാവ തീവ്രമാക്കുന്നതെങ്ങനെ? വിശകലന കുറിപ്പ് തയ്യാറാക്കാനുള്ള ചോദ്യം വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസമായി.
ആറ് മാര്‍ക്കിന്റെ ചോദ്യങ്ങളും കുട്ടികള്‍ക്ക് എളുപ്പത്തില്‍ എഴുതാന്‍ കഴിയുന്ന പതിവ് മാതൃകയിലുള്ളതാണ്. പതിനാലാമത്തെ ചോദ്യം ശ്രീനാരായണഗുരുവിന്റെ 'മതമേതായാലും കൊള്ളാം, മനുഷ്യന്‍ നന്നായാല്‍ മതി', 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' ഈ സന്ദേശങ്ങളുടെ കാലിക പ്രസക്തി തയ്യാറാക്കാനുള്ള ചോദ്യവും വിദ്യാര്‍ത്ഥികളില്‍ മൂല്യബോധം ഉളവാക്കുന്നതായിരുന്നു. എന്തുകൊണ്ടും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആശ്വാസമേകുന്നതായിരുന്നു മലയാളം പരീക്ഷ.