സൗജന്യമായി ജോലി ചെയ്യാം.. അഭ്യര്‍ത്ഥനയുമായി എഞ്ചിനീയറിംഗ് ബിരുദധാരി

ബംഗളൂരു: യോഗ്യത ഉണ്ടായിട്ടും ബംഗളൂരു നഗരത്തില്‍ ജോലി ലഭിക്കാത്ത സോഫ്റ്റ്‌വേര്‍ എഞ്ചിനീയറുടെ വ്യത്യസ്തമായ റെഡ്ഡിറ്റ് പോസ്റ്റ് ചര്‍ച്ചയാവുന്നു. ജോലി തിരഞ്ഞ് തിരഞ്ഞ് ഒന്നും ലഭിക്കാതായതോടെ നിരാശയുടെ പടുകുഴിയിലെത്തിയ യുവാവ് സൗജന്യമായി ജോലി ചെയ്യാമെന്നും ദയവുചെയ്ത് സഹായിക്കൂ എന്നും കാണിച്ച് റെഡ്ഡിറ്റില്‍ ബയോ ഡാറ്റയ്‌ക്കൊപ്പം പോസ്റ്റ് പങ്കിടുകയായിരുന്നു. 2023 ല്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയിട്ടും തനിക്ക് ഇതുവരെ മുഴുവന്‍ സമയ ജോലിയില്‍ പ്രവേശിക്കാനായില്ലെന്നും ബയോഡാറ്റ പരിശോധിച്ച് എത്രയും പെട്ടെന്ന് ജോലി തരണമെന്നും റെഡ്ഡിറ്റ് പോസ്റ്റില്‍ യുവാവ് അപേക്ഷിക്കുന്നു.
വിദ്യാഭ്യാസ പശ്ചാത്തലവും കഴിവുകളും സംബന്ധിച്ചും വിവരങ്ങള്‍ യുവാവ് പങ്കുവെക്കുന്നുണ്ട്. ഇന്‍ഫര്‍മേഷന്‍ സയന്‍ എഞ്ചിനീയറിംഗ് ബിരുദം. ജാവ, പൈത്തണ്‍ , ക്ലൗഡ് കംപ്യൂട്ടിംഗ് , മെഷീന്‍ ലേണിംഗ് എന്നിവയില്‍ വൈദഗ്ധ്യം എന്നിട്ടും ജോലി കിട്ടാന്‍ പാടുപെടുകയാണ്.
ജോലിയില്‍ എക്‌സ്പീരിയന്‍സ് ഉണ്ടാക്കാനും കഴിവുകള്‍ തെളിയിക്കുന്നതിനും ഇന്റേണ്‍ഷിപ്പുകള്‍, ഓപ്പണ്‍സോഴ്‌സ് പ്രൊജക്ടുകള്‍ ഉണ്ടെങ്കില്‍ തന്നെ ബന്ധപ്പെടണമെന്നും താന്‍ നിരാശനാണെന്നും അദ്ദേഹം പറയുന്നു.
റെഡ്ഡിറ്റ് ഉപയോക്താക്കള്‍ ടെക്കിക്ക് ഉപദേശവും സാധ്യമായ വഴികളും വാഗ്ദാനം ചെയ്തു. ചിലര്‍ യുവാവിന്റെ ബയോഡാറ്റ വീണ്ടും മാറ്റി എഴുതാനും അനുഭവങ്ങള്‍ യോഗ്യതകള്‍ പ്രാധാന്യമുള്ളതാക്കി എഴുതാനും ആവശ്യപ്പെട്ടു.
ബംഗളൂരുവില്‍ ഒരിക്കല്‍ കുതിച്ചുയര്‍ന്ന ടെക് മേഖല മാന്ദ്യത്തിലേക്ക് കടക്കവെയാണ് റെഡ്ഡിറ്റ് പോസ്റ്റ് ശ്രദ്ധനേടുന്നത്. ടെക് വ്യവസായം അടുത്തിടെയായി വെല്ലുവിളി നേരിടുകയാണ്. നിയമനത്തിലും തൊഴിലവസരങ്ങളിലും ഗണ്യമായ കുറവുണ്ടാക്കുന്നുണ്ട്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍, ഉപഭോക്തൃ ചെലവിലെ മാറ്റങ്ങള്‍, ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവ ഉള്‍പ്പെടെ വിവിധ ഘടകങ്ങളാല്‍ ഈ മാന്ദ്യത്തെ സ്വാധീനിക്കുന്നുണ്ട്. ഇതിനെതുടര്‍ന്ന് പല കമ്പനികളും റിക്രൂട്ട്മെന്റ് പിന്‍വലിച്ചു. പ്രത്യേകിച്ചും എന്‍ട്രി ലെവല്‍ സ്ഥാനങ്ങളെയും പുതിയ ബിരുദധാരികളെയും ആണ് ഇത് ബാധിച്ചത്.