ഇന്ത്യയിലെ 6 സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ് വിസ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണവുമായി ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകള്‍

നടപടി രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ദുരുപയോഗവും വിദ്യാര്‍ഥി വിസ തട്ടിപ്പും വ്യാപകമാകുന്നുവെന്ന പരാതിയെ തുടര്‍ന്ന്‌

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ് വിസ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണവുമായി ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകള്‍. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ജമ്മു-കശ്മീര്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ദുരുപയോഗവും വിദ്യാര്‍ഥി വിസ തട്ടിപ്പും വ്യാപകമാകുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ അപേക്ഷകളിലെ പൊരുത്തക്കേടുകള്‍ കാരണം വിദ്യാഭ്യാസ സംവിധാനത്തിന്റെ പ്രശസ്തിക്ക് കോട്ടംവരുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസത്തിനുപകരം കുടിയേറ്റത്തിലേക്കുള്ള പിന്‍വാതിലായി സ്റ്റുഡന്റ് വിസ ഉപയോഗിക്കുന്ന വ്യാജ അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതായും അധികൃതര്‍ വ്യക്തമാക്കുന്നു.

വിദ്യാര്‍ഥികളുടെ അപേക്ഷകളില്‍ പ്രശ്‌നങ്ങള്‍ നേരിട്ട ചില സര്‍വകലാശാലകള്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുകളില്‍ പറഞ്ഞ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായി അപേക്ഷ പ്രോസസ്സിംഗ് നിര്‍ത്തിവയ്ക്കുകയോ കര്‍ശനമായ സൂക്ഷ്മപരിശോധനയും അധിക പരിശോധന നടപടിക്രമങ്ങളും ഏര്‍പ്പെടുത്തുകയോ ചെയ്തിരുന്നു.

ചില സര്‍വകലാശാലകള്‍ വിദ്യാര്‍ഥി വിസ നടപടിക്രമങ്ങള്‍ കര്‍ശനമാക്കുന്നതിനായി ഓസ്ട്രേലിയയിലെ ആഭ്യന്തര വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. അതേസമയം യഥാര്‍ഥ വിദ്യാര്‍ഥികള്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ് തീരുമാനമെന്ന് ഇന്ത്യയിലെ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റുകള്‍ പ്രതികരിച്ചു.

ഓസ്ട്രേലിയയിലെ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ ഏറ്റവും വലിയ സ്രോതസ്സുകളില്‍ ഒന്നാണ് ഇന്ത്യ. എങ്കിലും പുതിയ സംഭവവികാസം നയതന്ത്രപരമായി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ വരാനിരിക്കുന്ന ഉഭയകക്ഷി വിദ്യാഭ്യാസ ബന്ധങ്ങളെയും ബാധിച്ചേക്കാം എന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Related Articles
Next Story
Share it