സ്‌കൂളുകളില്‍ റാഗിംഗ് വിരുദ്ധ സെല്‍: പരിഗണനയിലെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ റാഗിംഗ് വിരുദ്ധ സെല്ലുകള്‍ രൂപീകരിക്കുന്ന കാര്യം പരിഗണനയിലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.സംസ്ഥാനത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എങ്കിലും റാഗിംഗ് പോലുള്ള സംഭവങ്ങള്‍ നടക്കുന്നുണ്ട്.ഇത് തടയാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഒപ്പം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും അടിസ്ഥാന തല ഇടപെടലും നടത്തേണ്ടതുണ്ടെന്നും മന്ത്രി പോസ്റ്റില്‍ പറഞ്ഞു. സ്‌കൂളുകളില്‍ അച്ചടക്ക സമിതികളും സ്‌കൂള്‍ കൗണ്‍സലിങ് പദ്ധതിയും സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പും നിലവിലുണ്ടെങ്കിലും റാഗിംഗ് പോലുള്ള സംഭവങ്ങളെ പൂര്‍ണമായി ഇല്ലാതാക്കാന്‍ ഇനിയും ആയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ട് ഒരോ വിദ്യാഭ്യാസ സ്ഥാപനത്തിലും റാഗിംഗ് വിരുദ്ധ സെല്ലുകള്‍ കൂടി കൊണ്ടുവരുന്ന കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുകയാണെന്നാണ് മന്ത്രി പോസ്റ്റില്‍ പറയുന്നത്..ഇതിന്റെ ഘടന, പ്രവര്‍ത്തനം എന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു സമിതിയെ നിയോഗിക്കുന്ന കാര്യവും പരിഗണനയില്‍ ആണ്.സ്‌കൂള്‍ തലത്തില്‍ മാത്രമല്ല മുതിര്‍ന്ന ക്‌ളാസുകളിലും കോളേജിലുമൊക്കെ ചെല്ലുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കേണ്ട സമീപനം ചെറുപ്പത്തില്‍ തന്നെ സ്വായത്തമാക്കാന്‍ റാഗിംഗ് വിരുദ്ധ സെല്ലിന്റെ പ്രവര്‍ത്തനത്തിലൂടെ കഴിയണം.അധ്യാപക വിദ്യാര്‍ത്ഥി ബന്ധം ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കും.കുട്ടികള്‍ക്ക് അവര്‍ അനുഭവിക്കുന്ന വിഷമതകള്‍ അധ്യാപകരോട് പറയാന്‍ ആകണം.അത് സഹനുഭൂതിയോടെ കേള്‍ക്കാനും അതിന് അനുസരിച്ച് കൂട്ടായി പ്രവര്‍ത്തിക്കാനും അധ്യാപകര്‍ക്കും ആകണമെന്നും മന്ത്രി കുറിച്ചു.