നിങ്ങള്‍ പ്രൊഫഷനലാണോ? അറിയാം ഈ കാര്യങ്ങളിലൂടെ

ഒരു ജോലിക്കായി തിരഞ്ഞെടുക്കുമ്പോള്‍ ആദ്യ പരിഗണന നല്‍കുന്നത് അയാള്‍ പ്രൊഫഷനലാണോ എന്നതാണ്. ജോലി ചെയ്യുന്നവരെയും കാര്യങ്ങളെ നല്ലരീതിയില്‍ സമീപിക്കുകയും ചെയ്യുന്നവരെയാണ് ഏതൊരു തൊഴില്‍ സ്ഥാപനത്തിനും ആവശ്യം. ഒരാള്‍ പ്രൊഫഷനലാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ ചില കാര്യങ്ങള്‍ സഹായിക്കും. അത്തരത്തില്‍ ജോലിസ്ഥലത്തെ പ്രൊഫഷനലിസം ഇല്ലായ്മയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
1. എല്ലാറ്റിനോടും യെസ് പറയല്‍
ഒരു ജോലി കൊടുത്താല്‍ ഉടന്‍ തന്നെ അത് ഏറ്റെടുക്കും. തനിക്ക് ചെയ്യാന്‍ പറ്റുമോ എന്നുപോലും ആലോചിക്കാതെയാണ് ഇത്തരത്തില്‍ ചെയ്യുന്നത്. ഒടുവില്‍ സമയമാകുമ്പോള്‍ ജോലികള്‍ പൂര്‍ത്തിയാക്കാത്തതില്‍ വിഷമിക്കും. ഇത്തരത്തില്‍ എല്ലാറ്റിനോടും യെസ് പറയുന്നത് നിങ്ങളുടെ ഉല്‍പാദനക്ഷമതയെ ബാധിക്കും. അതുകൊണ്ടുതന്നെ ഏതൊരു ജോലിയും ഏറ്റെടുക്കുമ്പോള്‍ എല്ലാ കാര്യങ്ങളും ആലോചിച്ചുവേണം ചെയ്യാന്‍. മറിച്ചായാല്‍ തൊഴിലിടത്തില്‍ നിങ്ങളെക്കുറിച്ച് നെഗറ്റീവ് ഇമേജ് സൃഷ്ടിക്കും.
2. എപ്പോഴും പരാതി
തൊട്ടതിനും പിടിച്ചതിനുമെല്ലാം പരാതി പറയുന്നവര്‍ ജോലിസ്ഥലത്ത് നെഗറ്റീവ് വൈബുകള്‍ സൃഷ്ടിക്കും. അതുകൊണ്ടുതന്നെ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതേകുറിച്ച് തന്നെ പറയാതെ പരിഹാരങ്ങള്‍ തേടുകയാണ് വേണ്ടത്.
3. അമിത സംസാരം
അമിതമായി സംസാരിക്കുന്നതും എല്ലാവരോടും വ്യക്തിപരമായ പ്രശ്നങ്ങള്‍ പങ്കുവയ്ക്കുന്നതും പ്രൊഫഷനലിസത്തിന്റെ അഭാവം കണക്കാക്കുന്നു. അതുകൊണ്ടുതന്നെ സംസാരം കുറച്ച് ജോലിയില്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.
4. സന്ദേശങ്ങളോട് വൈകി പ്രതികരിക്കുന്നത്
ജോലിസംബന്ധമായ ഒരു സന്ദേശം ലഭിച്ചിട്ടും അതിനോട് സമയത്തിന് പ്രതികരിക്കാതിരിക്കുന്നത് പ്രൊഫഷനല്‍ അല്ലാത്തതിന്റെ ലക്ഷണമാണ്. സംഭാഷണങ്ങള്‍ അപൂര്‍ണമായി അവശേഷിപ്പിച്ച് എഴുന്നേറ്റ് പോകുന്നതും ഇടയ്ക്കിടെ തൊഴില്‍സ്ഥലത്ത് നിന്ന് കാണാതാകുന്നതും പ്രൊഫഷനല്‍ സമീപനമല്ല കാണിക്കുന്നത്.
ഉടമയ്ക്ക് മതിപ്പ് തോന്നാന്‍ ഒരു സന്ദേശം കിട്ടികഴിഞ്ഞാല്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ അതിന് ഉചിതമായ മറുപടി നല്‍കാന്‍ ശ്രദ്ധിക്കണം. ചില സന്ദര്‍ഭങ്ങളില്‍ ഉചിതമായ മറുപടി നല്‍കാന്‍ സാധിക്കില്ലെന്ന് വരാം. ഇക്കാര്യം സന്ദേശം അയച്ച വ്യക്തിയെ അറിയിക്കാനുള്ള മനസ് കൂടി കാണിക്കണം.
5. അത്യന്തം വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവയ്ക്കല്‍
ജോലി സ്ഥലത്ത് തീര്‍ത്തും വ്യക്തിപരമായ വിഷയങ്ങള്‍ മാത്രം സംസാരിക്കുന്നത് സഹപ്രവര്‍ത്തകരില്‍ അവലമതിപ്പിന് ഇടംനല്‍കും. അതുകൊണ്ടുതന്നെ വ്യക്തിഗത സംഭാഷണങ്ങള്‍ പരിമിതപ്പെടുത്താന്‍ ശ്രമിക്കണം.
6. വൈകി വരുന്നത്
ജോലിക്കും മീറ്റിങ്ങുകള്‍ക്കുമെല്ലാം വൈകി വരുന്നതും പ്രൊഫഷനല്‍ അല്ലാത്തവരുടെ ലക്ഷണമാണ്. സമയത്തിനെത്താന്‍ ഒരു 10 മിനിറ്റ് മുന്‍പു തന്നെ വീട്ടില്‍നിന്നിറങ്ങുക. ഇത് മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.
7.അലങ്കോലമായ വര്‍ക്ക് സ്പേസ്
ജോലി സ്ഥലം എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രമിക്കണം. സാധനങ്ങളെല്ലാം ഒതുക്കമില്ലാതെ വയ്ക്കുന്നത് നെഗറ്റീവ് ഇമേജിന് കാരണമാകും.
8. എല്ലാറ്റിനു ഒഴിവുകഴിവുകള്‍ പറയുന്നത്
സ്വന്തം തെറ്റുകള്‍ അംഗീകരിക്കാതെ ഒഴിവുകഴിവുകള്‍ പറയുന്നതും പ്രൊഫഷനല്‍ അല്ലാത്തവരുടെ സ്ഥിരം സ്വഭാവമാണ്. ഏത് ജോലി നല്‍കിയാലും ഉടന്‍ തന്നെ ഏറ്റെടുക്കാതെ നാളെയാകട്ടെ എന്ന് പറഞ്ഞ് നീട്ടുന്നതും നെഗറ്റീവ് ഇമേജ് സൃഷ്ടിക്കും.
9. മോശം ആശയവിനിമയം
സഹപ്രവര്‍ത്തകരോട് നല്ലരീതിയില്‍ ആശയവിനിമയം നടത്തുന്നത് നല്ലതാണ്. പ്രായവും പദവിയും സമയവും സാഹചര്യവും നോക്കാതെ വായില്‍ തോന്നിയതെല്ലാം വിളിക്കുന്നത് പ്രൊഫഷനലിസം ഇല്ലായ്മയാണ് കാണിക്കുന്നത്. സന്ദേശങ്ങള്‍ അയക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. വ്യക്തമായി, പ്രൊഫഷനലായ സന്ദേശങ്ങള്‍ മാത്രം അയയ്ക്കാന്‍ ശ്രദ്ധിക്കുക.