അരക്ഷിതാവസ്ഥയിലാകുന്ന തൊഴിലുറപ്പ് പദ്ധതി

ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയമായ തൊഴിലുറപ്പ് പദ്ധതി കാലങ്ങള്‍ കടന്നുചെല്ലുന്തോറും കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയാണ്. ഈ മേഖലയില്‍ പണിയെടുക്കുന്നവരില്‍ ഏറെയും സ്ത്രീകളാണ്. ഒരു പരിധിവരെ പ്രായമായ സ്ത്രീകള്‍ക്കു കൂടി ജോലി ചെയ്യാനുള്ള സൗകര്യവും ഈ പദ്ധതിയിലുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി അധ്വാനം കൂടിയതായുള്ള പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. മുമ്പൊക്കെ തൊഴിലുറപ്പ് ജോലികള്‍ക്ക് സമയനിഷ്ഠ കര്‍ക്കശമായിരുന്നില്ല. അധ്വാനവും കുറവായിരുന്നു. ആവശ്യത്തിന് വിശ്രമവും അനുവദിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ തൊഴിലുറപ്പ് ജോലിക്ക് സമയം കര്‍ശനമാക്കിയിരിക്കുകയാണ്. കൃത്യസമയത്ത് തന്നെ ജോലി ആരംഭിച്ച് അതിന്റെ ഫോട്ടോ അയക്കണം. രാവിലെ […]

ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയമായ തൊഴിലുറപ്പ് പദ്ധതി കാലങ്ങള്‍ കടന്നുചെല്ലുന്തോറും കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയാണ്. ഈ മേഖലയില്‍ പണിയെടുക്കുന്നവരില്‍ ഏറെയും സ്ത്രീകളാണ്. ഒരു പരിധിവരെ പ്രായമായ സ്ത്രീകള്‍ക്കു കൂടി ജോലി ചെയ്യാനുള്ള സൗകര്യവും ഈ പദ്ധതിയിലുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി അധ്വാനം കൂടിയതായുള്ള പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. മുമ്പൊക്കെ തൊഴിലുറപ്പ് ജോലികള്‍ക്ക് സമയനിഷ്ഠ കര്‍ക്കശമായിരുന്നില്ല. അധ്വാനവും കുറവായിരുന്നു. ആവശ്യത്തിന് വിശ്രമവും അനുവദിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ തൊഴിലുറപ്പ് ജോലിക്ക് സമയം കര്‍ശനമാക്കിയിരിക്കുകയാണ്. കൃത്യസമയത്ത് തന്നെ ജോലി ആരംഭിച്ച് അതിന്റെ ഫോട്ടോ അയക്കണം. രാവിലെ ഒമ്പതുമണിമുതലാണ് ജോലി തുടങ്ങേണ്ടത്. വൈകിട്ട് നാലുമണിക്ക് അവസാനിപ്പിക്കുന്ന രീതിയിലായിരുന്നു ജോലിയുടെ ക്രമീകരണം. എന്നാലിപ്പോള്‍ കൃത്യം അഞ്ചുമണിക്ക് തന്നെ ജോലി അവസാനിപ്പിച്ച് അതിന്റെ ഫോട്ടൊയെടുക്കണം. അപ്പോള്‍ ജോലി സ്ഥലത്തുനിന്നുപോകാന്‍ പിന്നെയും സമയമെടുക്കുന്നു. മാത്രമല്ല തോന്നുമ്പോള്‍ വിശ്രമം ഇപ്പോള്‍ അനുവദിക്കപ്പെടുന്നില്ല. ശാരീരിക ശേഷി കുറഞ്ഞ സ്ത്രീകള്‍ക്കും വയോധികരായ സ്ത്രീകള്‍ക്കും ഇക്കാരണത്താല്‍ ക്ഷീണവും തളര്‍ച്ചയും അനുവഭവപ്പെടുന്നുണ്ട്. വൈകിട്ട് അഞ്ച് മണിവരെ ജോലി ചെയ്യേണ്ടിവരുന്നതിനാല്‍ തൊഴിലുറപ്പ് ജോലിയില്‍ നിന്ന് പിന്‍മാറുന്നവരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. കൂലി വര്‍ധനവ് ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല ഓരോ തൊഴിലാളിയുടേയും ബാങ്ക് അക്കൗണ്ടില്‍ പണമെത്താന്‍ ഏറെ കാലതാമസം വേണ്ടിവരികയും ചെയ്യുന്നു. തൊഴിലുറപ്പ് മേഖലയില്‍ കൂലി വര്‍ധനവ് ആവശ്യപ്പെട്ടും ജോലി സമയവും അധ്വാനവും കുറക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സമരപരിപാടികള്‍ നടന്നുവരികയാണ്. തൊഴിലുറപ്പ് പദ്ധതിയെ തന്നെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് കര്‍ശനമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നതെന്ന ആക്ഷേപവും ശക്തമാണ്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം 2005- ല്‍ വിജ്ഞാപനം ചെയ്തത്. ഗ്രാമീണ മേഖലയിലെ ഓരോ കുടുംബത്തിനും ഒരു സാമ്പത്തിക വര്‍ഷം ഏറ്റവും കുറഞ്ഞത് 100 ദിവസത്തെ അവിദഗ്ദ്ധ തൊഴില്‍ ദിനങ്ങള്‍ ആവശ്യാധിഷ്ഠിതമായി പ്രദാനം ചെയ്യുകയും അതുവഴി ദരിദ്രരരുടെ ഉപജീവനത്തിനുള്ള വിഭവാടിത്തറ ശക്തിപ്പെടുത്തുതിനുള്ള നിശ്ചിത ഗുണമേന്മയും ഈടുറ്റതുമായ ഉല്പാദനക്ഷമമായ ആസ്തികള്‍ സൃഷ്ടിക്കുകയുമാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യം.
ഗ്രാമപ്രദേശങ്ങളില്‍ അധിവസിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും ഒരു സാമ്പത്തിക വര്‍ഷം 100 ദിവസത്തില്‍ കുറയാത്ത അവിദഗ്ദ്ധ കായിക തൊഴില്‍ ആവശ്യാനുസരണം ഉറപ്പാക്കുകയും, അതുവഴി നിഷ്‌കര്‍ഷിക്കപ്പെട്ട ഗുണമേന്മയുളളതും, സ്ഥായിയായിട്ടുളളതുമായ ഉല്പാദനക്ഷമമായ ആസ്തികള്‍ സൃഷ്ടിക്കുകയെന്നതും
ദരിദ്രരുടെ ഉപജീവനവുമായി ബന്ധപ്പെട്ട വിഭവാടിത്തറ ശക്തിപ്പെടുത്തുകയും ചെയ്യുകയെന്നതും ഈ പദ്ധതിയുടെ
ലക്ഷ്യങ്ങളില്‍ പ്രധാനമാണ്. സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന എല്ലാ കുടുംബങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിച്ചത് സമീപകാലത്താണ്. പദ്ധതിയുടെ ഒന്നാം ഘട്ടം 2006 ഫെബ്രുവരി 2 ന് രാജ്യത്തെ 200 ജില്ലകളില്‍ ആരംഭിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ വയനാട്, പാലക്കാട് ജില്ലകളെ ഉള്‍പ്പെടുത്തി. തുടര്‍ന്ന്, 1.4.2007 -ല്‍ ആരംഭിച്ച രണ്ടാം ഘട്ടത്തില്‍ ഇടുക്കി, കാസേകാട് ജില്ലകളെ ഉള്‍പ്പെടുത്തി.2008 മുതല്‍ സംസ്ഥാനത്തെ ശേഷിക്കുന്ന ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയായിരുന്നു.തൊഴിലുറപ്പ് പദ്ധതിയില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥ അവസാനിപ്പിക്കാനും തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും സത്വര നടപടികള്‍ ആവശ്യമാണ്.

Related Articles
Next Story
Share it