മത്സ്യത്തൊഴിലാളികളെ കയ്യൊഴിയരുത്

മണ്ണെണ്ണക്ക് കരിഞ്ചന്തയിലെ വില ലിറ്ററിന് 150 രൂപയിലെത്തി നില്‍ക്കുകയാണ്. നല്ലൊരു ഭാഗം മത്സ്യത്തൊഴിലാളികളും കരിഞ്ചന്ത യില്‍ നിന്ന് മണ്ണെണ്ണ വാങ്ങി മത്സ്യ ബന്ധനം നടത്തുന്നവരാണ്. മണ്ണെണ്ണ പെര്‍മിറ്റുള്ള 500 ഓളം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ജില്ലയിലുണ്ട്. ഇതില്‍ പെടാത്തവരായും നിരവധി മത്സ്യത്തൊഴിലാളികളുമുണ്ട്. പെര്‍മിറ്റ് ഉള്ള മുഴുവന്‍ സമയ മത്സ്യത്തൊഴിലാളികള്‍ക്കും പെര്‍മിറ്റില്‍ കിട്ടുന്ന മണ്ണെണ്ണ കൊണ്ട് മത്സ്യബന്ധനം സാധ്യമല്ല. സ്ഥിരമായി മത്സ്യ ബന്ധനത്തിന് പോകുന്നവര്‍ക്ക് ഒരു മാസത്തേക്ക് ഏതാണ്ട് ആയിരം ലിറ്ററിലേറെ മണ്ണെണ്ണ വേണം. സര്‍ക്കാര്‍ വക കിട്ടുന്നത് തീര്‍ന്നാല്‍ […]

മണ്ണെണ്ണക്ക് കരിഞ്ചന്തയിലെ വില ലിറ്ററിന് 150 രൂപയിലെത്തി നില്‍ക്കുകയാണ്. നല്ലൊരു ഭാഗം മത്സ്യത്തൊഴിലാളികളും കരിഞ്ചന്ത യില്‍ നിന്ന് മണ്ണെണ്ണ വാങ്ങി മത്സ്യ ബന്ധനം നടത്തുന്നവരാണ്. മണ്ണെണ്ണ പെര്‍മിറ്റുള്ള 500 ഓളം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ജില്ലയിലുണ്ട്. ഇതില്‍ പെടാത്തവരായും നിരവധി മത്സ്യത്തൊഴിലാളികളുമുണ്ട്. പെര്‍മിറ്റ് ഉള്ള മുഴുവന്‍ സമയ മത്സ്യത്തൊഴിലാളികള്‍ക്കും പെര്‍മിറ്റില്‍ കിട്ടുന്ന മണ്ണെണ്ണ കൊണ്ട് മത്സ്യബന്ധനം സാധ്യമല്ല. സ്ഥിരമായി മത്സ്യ ബന്ധനത്തിന് പോകുന്നവര്‍ക്ക് ഒരു മാസത്തേക്ക് ഏതാണ്ട് ആയിരം ലിറ്ററിലേറെ മണ്ണെണ്ണ വേണം. സര്‍ക്കാര്‍ വക കിട്ടുന്നത് തീര്‍ന്നാല്‍ 150 രൂപയോളം നല്‍കി കരിഞ്ചന്തയില്‍ നിന്ന് വേണം മണ്ണെണ്ണ വാങ്ങാന്‍. ഇത്രയും തുക നല്‍കി മണ്ണെണ്ണ വാങ്ങി കടലില്‍ പോയാല്‍ വല നിറയെ മത്സ്യം കിട്ടണം. അടുത്ത കാലത്തായി വല നിറയെ മീന്‍ കിട്ടിയ ഒറ്റ ദിവസമുണ്ടായിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 10 എച്ച്.പി മോട്ടോറിന് 190 ലിറ്ററും അതിന് താഴെയുള്ള മോട്ടോറിന് 140 ലിറ്ററുമാണ് സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ ലഭിക്കുന്നത്. ഇത് സിവില്‍ സപ്ലൈസ് വഴി ലിറ്ററിന് 84 രൂപയും മത്സ്യഫെഡില്‍ നിന്നുള്ളതിന് 25 രൂപയാണ് സബ്‌സിഡി. ലിറ്ററിന് 60 രൂപയുണ്ടായിരുന്ന കാലത്ത് ഉണ്ടായിരുന്ന സബ്‌സിഡി തന്നെയാണ് 150 രൂപ വിലയുള്ളപ്പോഴും ലഭിക്കുന്നത്. സിവില്‍ സപ്ലൈസ് വഴിയുള്ള മണ്ണെണ്ണ കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയും മത്സ്യത്തൊഴിലാളികള്‍ക്കുണ്ട്. മോട്ടോര്‍ ഘടിപ്പിച്ച ഫൈബര്‍ വള്ളങ്ങളിലും തോണികളിലും മീന്‍ പിടിത്തത്തിന് പോകുന്നവര്‍ക്കാണ് മണ്ണെണ്ണ വേണ്ടത്. സര്‍ക്കാര്‍ വക ഓരോ മാസവും കിട്ടുന്ന മണ്ണെണ്ണ ഒരാഴ്ചക്കേ തികയൂ. ബാക്കി ദിവസങ്ങളില്‍ കടലിലേക്ക് വള്ളങ്ങളിറക്കണമെങ്കില്‍ കരിഞ്ചന്ത തന്നെ ആശ്രയം. 10 എച്ച്.പി മോട്ടോര്‍ ആണെങ്കില്‍ മീന്‍ പിടിക്കുന്നതിന് പോയ് വരുമ്പോഴേക്കും 50 ലിറ്റര്‍ മണ്ണെണ്ണ വേണ്ടി വരും. കടലില്‍ പതിവ് ദൂരത്തിനപ്പുറത്തേക്ക് പോയാല്‍ ഇതിലും കൂടുതല്‍ വേണം. പൊതുവെ മീന്‍ കിട്ടുന്നത് കുറവാണ്. തൊഴിലാളികളുടെ കൂലിയും മറ്റു ചെലവുകളും കിട്ടുന്ന മത്സ്യത്തിന്റെ കണക്കും പൊരുത്തപ്പെടാതെ പോവുമ്പോഴാണ് മണ്ണെണ്ണയുടെ വിലക്കയറ്റവും മത്സ്യത്തൊഴിലാളികളെ വലയ്ക്കുന്നത്. മണ്ണെണ്ണയുടെ സബ്‌സിഡി തുക 25ല്‍ നിന്ന് 50 രൂപയെങ്കിലുമാക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. വറുതിയുടെ കാലമാണ് വരാന്‍ പോകുന്നത്. ഇന്നത്തെ അവസ്ഥയില്‍ വരും ദിവസങ്ങളിലേക്ക് കരുതി വെക്കാന്‍ പോയിട്ട് നിത്യചെലവിന് തന്നെ തികയാത്ത സ്ഥിതിയാണ് കടലോര മേഖലയിലുള്ളത്. കര്‍ണ്ണാടകയില്‍ നിന്നും മറ്റും യന്ത്രവല്‍കൃത ബോട്ടുകള്‍ നിരവധി എത്തുന്നുണ്ട്. അവര്‍ മത്സ്യം കോരിക്കൊണ്ടു പോകുന്നത് മത്സ്യ സമ്പത്ത് കുറയാന്‍ ഒരു കാരണമാണ്. തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനാല്‍ ഒട്ടേറെ പേരാണ് കേരള തീരങ്ങളിലേക്ക് മത്സ്യ ബന്ധനത്തിനെത്തുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കി വരുന്ന മണ്ണെണ്ണ വിഹിതം വര്‍ധിപ്പിക്കുകയും സബ്‌സിഡി തുക കൂട്ടി നല്‍കുകയും ചെയ്താല്‍ മാത്രമേ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവൂ.

Related Articles
Next Story
Share it