അനര്‍ഹമായി റേഷന്‍ മുന്‍ഗണനാ വിഭാഗം കാര്‍ഡുള്ളവര്‍ അത് മാറ്റി വെള്ളകാര്ഡിലേക്ക് മാറണമെന്ന് പൊതുവിതരണ വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കയാണ്. അതിന് ഈ മാസം 30 വരെ സമയവും അനുവദിച്ചിട്ടുണ്ട്. മുന്‍ഗണനാകാര്‍ഡ് കൈവശം വെച്ചിട്ടുള്ളവരോട് ഇത് മാറ്റണമെന്ന് പറഞ്ഞു തുടങ്ങിയിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. ഇത് പ്രകാരം 7500ഓളം കാര്‍ഡുടമകള്‍ ഇത് മാറ്റുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് വെച്ച് റേഷന്‍ വാങ്ങുന്നവര്‍ ഇനിയും നിരവധിയുണ്ടെന്നാണ് പൊതുവിതരണ വകുപ്പ് കണക്കു കൂട്ടുന്നത്. സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ, ബാങ്കിംഗ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍, സര്‍വ്വീസ് പെന്ഷന് വാങ്ങുന്നവര്‍ തുടങ്ങിയവരൊക്കെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് പുറത്തുള്ളവരാണ്. എന്നാല്‍ ഇതില്‍ പലരും മുന്‍ഗണനക്കാരുടെ ആനുകൂല്യം പറ്റുന്നവരാണ്. 1000 ചതുരശ്ര അടിക്ക് മുകളില്‍ വിസ്തീര്‍ണ്ണമുള്ള വീടുള്ളവരും ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവരും ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ പാടില്ല,. നാല് ചക്രവാഹനമുള്ളവരും 25000 രൂപക്ക് മേല്‍ മാസവരുമാനമുള്ളവരും അനര്‍ഹരാണ്. അനര്‍ഹമായി മുന്‍ഗണന, എ.എ.വൈ വിഭാഗം കാര്‍ഡുള്ളവരാണ് അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ കാര്‍ഡുകള്‍ സമര്‍പ്പിക്കേണ്ടത്. 30ന് ശേഷമുള്ള പരിശോധനയില്‍ അനര്‍ഹര്‍ മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 2016 നവംബര്‍ മുതല്‍ ഇതു വരെ കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ അധിക വില പിഴയായി ഈടാക്കാനാണ് ആലോചിക്കുന്നത്. പിഴയടച്ചില്ലെങ്കില്‍ റവന്യു റിക്കവറി നടപടി സ്വീകരിക്കും. ഒരു വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റവുമാണിത്. മുന്‍ഗണനാ കാര്‍ഡ് കൈവശം വെച്ച അനര്‍ഹരെ ഒഴിവാക്കി അര്‍ഹരായവരെ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സാങ്കേതിക കാരണങ്ങളില്‍ കുടുങ്ങി ഒട്ടേറെ പേര് ഇപ്പോഴും മുന്‍ഗണനാ വിഭാഗത്തില്‍ പെടാത്തവരായുണ്ട്. അനര്‍ഹരെ ഒഴിവാക്കിയാല്‍ മാത്രമേ ഇവര്‍ക്ക് മുന്‍ഗണനാ കാര്‍ഡ് നല്‍കാനാവു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ എണ്ണം കേന്ദ്രം പരിമിതപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ അര്‍ഹരായ പുതിയ കാര്‍ഡുടമകള്‍ക്ക് അനര്‍ഹരെ ഒഴിവാക്കിയാല്‍ മാത്രമേ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനാവു. നിയമ നടപടികളില്ലാതെ ഇത്തരക്കാര്‍ക്ക് കാര്‍ഡ് തിരിച്ചേല്‍പ്പിക്കാന്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്.
മഞ്ഞ, പിങ്ക് കാര്‍ഡുകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കാനായി തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് പലരും ഈ കാര്‍ഡ് കൈവശപ്പെടുത്തിയിരിക്കുന്നത്. കാര്‍ഡ് അനുവദിക്കുന്ന സമയത്ത് ഈ വിഭാഗത്തില്‍ പെടുകയും പിന്നീട് സര്‍ക്കാര്‍ ജോലി ലഭിക്കുകയും ചെയ്ത് വരുമാനത്തിലും ജീവിത നിലവാരത്തിലും മാറ്റം വന്നിട്ടും ചിലര്‍ മുന്‍ഗണനാ കാര്‍ഡ് തിരിച്ചേല്‍പ്പിച്ചിട്ടില്ല. അനര്‍ഹമായി ഇത്തരം കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവര്‍ സ്വമേധയാ കാര്‍ഡ് തിരിച്ചേല്പ്പിക്കുന്നില്ലെങ്കില് സപ്ലൈ ഓഫീസുകളില്‍ വിവരമറിയിക്കാന്‍ ജനങ്ങള്‍ മുമ്പോട്ട് വരണം. മുന്‍ഗണനാ കാര്‍ഡ് ഉപയോഗിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്കുന്ന അരിയും പലവ്യജ്ഞനങ്ങളും വാങ്ങുന്നുണ്ട്. ഓപ്പണ്‍ മാര്‍ക്കറ്റില്‍ 35ഉം 40ഉം രൂപക്ക് നല്കുന്ന അരിയാണ് സൗജന്യമായും രണ്ട് രൂപക്കും കാര്‍ഡുടമകള്‍ക്ക് നല്കി വരുന്നത്. ഒരു നേരത്തെ കഞ്ഞിക്ക് വകയില്ലാത്ത നിരവധി പേര്‍ക്ക് ഈ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. അനര്‍ഹര്‍ ഒഴിവായാലേ ഇവര്‍ക്ക് മുന്‍ഗണനാ കാര്‍ഡ് ലഭിക്കു.