ഓരോ ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് പുതുതായി റോഡിലിറങ്ങുന്നത്. അതിനനുസരിച്ച് നമ്മുടെ റോഡ് വികസനം നടക്കുന്നില്ല. തലപ്പാടി മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാതാവികസനം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞെങ്കിലും ഇനിയും സ്ഥലമെടുപ്പ് പോലും പൂര്‍ത്തിയായിട്ടില്ല. അതേ സമയം കര്‍ണാടകയില്‍ അവര്‍ നമ്മളേക്കാള്‍ എത്രയോ മുമ്പിലാണ്. ഇവിടത്തെ പാത യാഥാര്‍ത്ഥ്യമാവണമെങ്കില്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കണം. ഇതിന് പകരമായാണ് തീരദേശഹൈവെ എന്ന പദ്ധതിയെപ്പറ്റി ആലോചിച്ചു തുടങ്ങിയത്. കേരളം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതാണീ പദ്ധതി. തിരുവനന്തപുരം പൂവാര്‍ മുതല്‍ കാസര്‍കോട് കുഞ്ചത്തൂര്‍വരെ നീളുന്ന പാതയാണിത്. സംസ്ഥാനത്ത് നിലവിലുള്ള ദേശീയപാതയില്‍ തിരക്ക് ഒഴിവാക്കാന്‍ ഇത് ഉപകരിക്കും. കടലോരമേഖലയെയും തുറമുഖങ്ങളെയും ബന്ധിപ്പിച്ചാണ് റോഡ്. കോഴിക്കോട്, മലപ്പുറം ജില്ലകളൊഴിച്ച് മറ്റ് ജില്ലകളിലെല്ലാം രൂക്ഷമായ എതിര്‍പ്പ് നേരിട്ടതും സര്‍വ്വേ നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതും കാരണം പദ്ധതി തന്നെ മരവിച്ച രീതിയിലാണ്. 2017ലാണ് പദ്ധതി പ്രഖ്യാപിച്ചത്. കോഴിക്കോട് മേഖലയിലെ അഞ്ച് റീച്ചുകളില്‍ രണ്ടെണ്ണത്തിന്റെ നിര്‍മ്മാണം മാത്രമാണ് നടക്കുന്നത്. ജനസാന്ദ്രതയേറിയ കടലോരമേഖലയിലെ സ്ഥലം ഏറ്റെടുക്കലാണ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. 655.56 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പാത 2020ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ തീരമേഖലയില്‍ കൂടി കടന്നുപോകേണ്ട ഹൈവെക്ക് 6,048 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. റോഡ് നിര്‍മ്മാണം ഇപ്പോഴും മലപ്പുറം ജില്ലയില്‍ ഒതുങ്ങി നില്ക്കുന്നു. ഹൈവെയെക്കുറിച്ച് പഠനം നടത്തിയ നിയമസഭാ സമിതി റോഡ് നിര്‍മ്മാണത്തില്‍ നേരിടാനുള്ള തടസങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത് ശരിവെക്കുന്ന രീതിയിലാണ് നിര്‍മ്മാണം നീങ്ങുന്നത്. പരിസ്ഥിതി ലോല മേഖലയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് കോസ്റ്റല്‍ റഗുലേഷന് സോണ്‍ അനുമതി തേടണമെന്നും സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭാവിയിലെ നിയമപ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് ഈ മുന്‍കരുതല്‍. ജന സാന്ദ്രതയേറിയ തീരമേഖലയിലെ സ്ഥലമേറ്റെടുക്കല്‍ ഏറെ സങ്കീര്‍ണ്ണമാണെന്നും സാമൂഹീകാഘാത പഠനം നടത്തണമെന്നുമായിരുന്നു സമിതിയുടെ മറ്റൊരു നിര്‍ദ്ദേശം. തീരദേശമേഖലയിലെ അവസ്ഥ പരിഗണിച്ച് സ്ഥലം ഏറ്റെടുക്കാന്‍ പ്രത്യേക പാക്കേജും നിര്‍ദ്ദേശിച്ചിരുന്നു.
കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശറോഡുകള്‍ക്ക് സമാന്തരമായി പുലിമുട്ടുകളും നിര്‍മ്മിക്കേണ്ടിവരും. വിവിധ പദ്ധതികളുടെ ഭാഗമായി ഇപ്പോള്‍ നിര്‍മ്മിച്ചിട്ടുള്ള പുലിമുട്ടുകള്‍ അശാസ്ത്രീയമാണെന്ന പരാതിയാണ് തീരദേശവാസികള്‍ക്കുള്ളത്. തീരദേശ ഹൈവെക്ക് വേണ്ടി കൂടുതല്‍ പുലിമുട്ടുകള്‍ നിര്‍മ്മിക്കാനുള്ള നീക്കവും എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്. കണ്ടല്‍ക്കാടുകള്‍, പവിഴപ്പുറ്റുകള്‍, മത്സ്യ പ്രജനന കേന്ദ്രങ്ങള്‍ എന്നിവക്ക് കോട്ടം തട്ടാതെ നിര്‍മ്മാണം നടത്തണമെന്നതും മറ്റൊരു വെല്ലുവിളിയാണ്. ഇവയെ ബാധിക്കാതിരിക്കാന്‍ എലവേറ്റഡ് ഹൈവെ വേണ്ടിവരും. റോഡിന്റെ വീതി എത്രവേണമെന്ന തര്‍ക്കവും തുടരുന്നുണ്ട്. ഇതിനൊക്കെ പരിഹാരം കാണാന്‍ സാധിച്ചാല്‍ മാത്രമേ ഹൈവെയുടെ പ്രവര്‍ത്തനം സമയബന്ധിതമായി മുന്നോട്ട് കൊണ്ടുപോകാനാവൂ. ഇന്നുള്ള നാഷണല്‍ ഹൈവെയില്‍ വാഹനങ്ങള്‍ നിറയുകയാണ്. നഗര പ്രദേശങ്ങളിലെത്തുമ്പോള്‍ ഗതാഗതക്കുരുക്കും വലിയ പ്രശ്നങ്ങളുണ്ടാക്കുന്നു. അതിനൊക്കെ പ്രതിവിധിയാണ് തീരദേശഹൈവെ. എന്തുവിലകൊടുത്തും ഇത് യാഥാര്‍ത്ഥ്യമാവണം. തടസങ്ങള്‍ നീക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മുന്‍കൈ എടുക്കണം.