തിരഞ്ഞെടുപ്പിനുള്ള അണിയറ നീക്കങ്ങള്‍ പുരോഗമിച്ചുവരികയാണ്. മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സീറ്റ് വിഭജന ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നു വരുന്നത്. സീറ്റ് വിഭജനം പൂര്‍ത്തിയാവുന്ന മുറക്ക് സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമുണ്ടാകും. ഓരോ നിയമസഭാ മണ്ഡലത്തില്‍ നിന്നും രണ്ടും മൂന്നും പേരാണ് ഇപ്പോള്‍ പരിഗണനാ ലിസ്റ്റില്‍ ഉള്ളത്. ഇതില്‍ നിന്നായിരിക്കും ~ഒരാളെ തിരഞ്ഞെടുക്കുക. മൂന്നും നാലും തവണ മത്സരിച്ചവര്‍പോലും ഗോദയില്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. അത്തരക്കാരെ മാറ്റി നിര്‍ത്തിക്കൊണ്ട് വേണം ലിസ്റ്റ് തയ്യാറാക്കാന്‍. ചില മുന്നണികള്‍ അത്തരത്തിലൊരു തീരുമാനം എടുത്തിട്ടുണ്ടെന്നത് സ്വാഗതാര്‍ഹമായ കാര്യമാണ്. രണ്ട് തവണ മത്സരിച്ച് തോറ്റവരും മൂന്ന് തവണ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചവരും മാറി നില്‍ക്കണമെന്ന തീരുമാനത്തില്‍ ചില പാര്‍ട്ടികള്‍ എത്തിയിട്ടുണ്ട്. കേരളത്തിലെ ഭരണ കക്ഷിയായ സി.പി.എം. രണ്ട് തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന നിബന്ധന കര്‍ശനമാക്കിയിട്ടുണ്ട്. മന്ത്രിമാരടക്കമുള്ളവര്‍ക്ക് ഈ രീതിയില്‍ മാറി നില്ക്കേണ്ടിവരും. പകരം പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അവസരം നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലും ഇത്തരത്തിലൊരു ചര്‍ച്ചയാണ് നടന്നു വരുന്നത്. യുവാക്കള്‍, വനിതകള്‍, പുതുമുഖങ്ങള്‍ എന്നിവര്‍ക്ക് 50 ശതമാനം സീറ്റ് നീക്കിവെക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്കും യുവ ജനങ്ങള്‍ക്കും അവസരം നല്‍കിയാണ് മിക്ക പാര്‍ട്ടികളും രംഗത്തുവന്നത്. യുവാക്കളെയും പുതുമുഖങ്ങളെയും വിജയിപ്പിക്കാന്‍ വോട്ടര്‍മാര്‍ രംഗത്തുവരികയും ചെയ്തു. നിയമസഭയിലും യുവാക്കളും പുതുമുഖങ്ങളും തന്നെ രംഗത്തുവരട്ടെ. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അവരുടെ മണ്ഡലത്തിന് വേണ്ടി പലതും ചെയ്യാനാവും. ഓരോ മണ്ഡലത്തിന്റെയും വികസനത്തിന് വേണ്ടി ലക്ഷക്കണക്കിന് രൂപയാണ് അഞ്ചുവര്‍ഷത്തേക്ക് നീക്കിവെക്കുന്നത്. അത് പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താനും രാഷ്ട്രീയം മാത്രം നോക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിയണം. തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാതെ തലസ്ഥാനത്ത് തന്നെ ചടഞ്ഞുകൂടിയിരുന്ന് കാലം കഴിക്കുന്നവരുണ്ട്. അത്തരക്കാരെയൊക്കെ തിരിച്ചറിയാന്‍ കഴിയണം. സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചുകഴിയുന്നതോടെ പ്രചരണച്ചൂട് തുടങ്ങുകയായി. കോവിഡ് മഹാമാരിക്കിടയിലാണ് വീണ്ടുമൊരു തിരഞ്ഞെടുപ്പ് വരുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോവിഡ് പ്രോട്ടൊക്കോള് പാലിച്ചു കൊണ്ടായിരുന്നു പ്രചരണ പ്രവര്‍ത്തനങ്ങള്‍. അതിനേക്കാള്‍ കൊഴുപ്പ് കൂടിയ പ്രചരണമായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ വരാന്‍ പോകുന്നത്. മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വേണം ഇത്തവണയും പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍.
അഞ്ചില്‍ കൂടുതല്‍ ആളുകള്‍ വോട്ടഭ്യര്‍ത്ഥനയുമായി വീടുകള്‍ കയറിയിറങ്ങരുതെന്ന നിബന്ധനയുണ്ട്. അതുപോലെ പൊതുയോഗങ്ങളും ജാഥകളുമൊക്കെ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വേണം നടത്താന്‍. കോവിഡ് മഹാമാരിക്കെതിരെ വാക്സിന് എടുത്തു തുടങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോഴും ജാഗ്രത കൈവിടാനായിട്ടില്ല. ഒരു തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും രോഗികളുടെ എണ്ണം വര്‍ധിക്കാനിട വരരുത്. ലക്ഷങ്ങള്‍ പൊടിച്ചു പാറ്റിക്കൊണ്ടുള്ള പ്രചരണത്തിനും നിയന്ത്രണം വേണം. തിരഞ്ഞെടുപ്പ് കമ്മീഷന് അനുശാസിക്കുന്ന രീതിയിലുള്ള പ്രചരണവും പണച്ചെലവും മാത്രമേ പാടുള്ളൂ.