കര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്തി വരുന്ന സമരം പത്താം ദിവസത്തിലേക്ക് കടക്കുകയാണ്. കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ നിന്ന് പിന്തിരിയില്ലെന്ന് കര്‍ഷകര്‍ അസന്നിഗ്ദമായി പ്രഖ്യാപിച്ചതോടെ സമരം എങ്ങനെയെങ്കിലും തീര്‍ക്കാനുള്ള ശ്രമം തുടരുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഒന്നു രണ്ട് തവണ കര്‍ഷകരുമായി ചര്‍ച്ച നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കാതെ അതിഭേദഗതി വരുത്തുമെന്ന് സര്‍ക്കാര്‍ സമ്മതിച്ചെങ്കിലും അതിനൊന്നും കര്‍ഷകര്‍ വഴങ്ങുന്നവട്ടം കാണുന്നില്ല. കര്‍ഷകര്‍ക്കുവേണ്ടി നില കൊള്ളുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് പ്രധാനമന്ത്രി തന്നെ പല തവണ പറഞ്ഞുകൊണ്ടിരിക്കുമ്പോഴും ഊണും ഉറക്കവും ഉപേക്ഷിച്ച് ഡല്‍ഹിയിലെ കൊടും തണുപ്പില്‍ അവര്‍ക്ക് ദിവസങ്ങള്‍ തള്ളിനീക്കേണ്ടിവന്നിരിക്കുകയാണ്. 80 പിന്നിട്ട വയോവൃദ്ധരായ കര്‍ഷകര്‍ പോലും സമരത്തിന്റെ മുന്‍ നിരയില്‍ അണിചേര്‍ന്നത് കേന്ദ്ര സര്‍ക്കാരിനെ ഒട്ടൊന്നുമല്ല പരിഭ്രാന്തി വരുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും മാത്രമല്ല വിദേശ രാജ്യങ്ങളില്‍ നിന്നുപോലും കര്‍ഷക സമരത്തെ അനുകൂലിച്ചുകൊണ്ടുള്ള വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ രാജ്യമൊട്ടുക്ക് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഭാരത് ബന്ദ് നടത്തുകയുണ്ടായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തില്‍ പ്രതിഷേധം മാത്രമായി ഒതുക്കുകയായിരുന്നു. അദാനിയെയും അംബാനിയെയും പോലുള്ള കോര്‍പ്പറേറ്റുകള്‍ക്ക് കാര്‍ഷിക രംഗവും തീറെഴുതിക്കൊടുക്കുന്നതിനെതിരെയുള്ള പ്രതിഷേധമാണ് കര്‍ഷകരുടേത്. അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് തറവില പോലും ലഭിക്കാതെ കോര്‍പ്പറേറ്റുകള്‍ നിശ്ചയിക്കുന്ന വിലക്ക് നല്കാന് നിര്‍ബന്ധിതമാവുമെന്ന തിരിച്ചറിവ് അവര്‍ക്ക് നല്ലപോലെയുണ്ട്. അതുകൊണ്ടാണ് ബില്ലുകള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്തിരിയില്ലെന്ന് അവര്‍ ഉറച്ച നിലപാടെടുക്കുന്നത്. ഇരുകൂട്ടരും തുറന്ന മനസോടെ ഒരു മേശയ്ക്ക് ചുറ്റുമായിരുന്ന് ചര്‍ച്ച ചെയ്താല്‍ തീരുന്ന പ്രശ്നമാണ് ഈ നിലയിലേക്ക് വളരാന്‍ ഇടയായത്.
കര്‍ഷകരുടെ ഉന്നമനമാണ് ലക്ഷ്യമെങ്കില്‍ അവരെ വിശ്വാസത്തിലെടുത്ത് അവരുടെ പ്രശ്നങ്ങള്‍ ക്ഷമാപൂര്‍വ്വം കേള്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. ഓരോ ബജറ്റിലും കോടികളുടെ വാഗ്ദാനങ്ങളാണ് അവര്‍ കേള്‍ക്കുന്നത്. എന്നാല്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിലപോലും ലഭിക്കാതെ ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം പെരുകി വരുന്നതിനിടയിലാണ് അവര്‍ക്ക് ഈ കൊടും തണുപ്പ് കാലത്തും സമരത്തിനിറങ്ങേണ്ടിവന്നത്. കൃഷി എന്തെന്നോ കര്‍ഷകരുടെ പ്രശ്നങ്ങള്‍ എന്തെന്നോ അറിയാത്തവരാണ് കാര്‍ഷിക സംബന്ധമായ നിര്‍ണായക തീരുമാനങ്ങള്‍ക്ക് രൂപം നല്‍കുന്നത്. കാര്‍ഷിക ബില്ലും ചൂടപ്പം പോലെ ഇരുസഭകളിലും പാസാക്കിയെടുത്തതും ഇത്തരമൊരു കര്‍ഷക വിരുദ്ധ നീക്കത്തിലൂടെയായിരുന്നു. കര്‍ഷകര്‍ക്ക് ന്യായ വില ഉറപ്പാക്കുമെന്ന് പറയുമ്പോള്‍ തന്നെ ഇറക്കുമതിക്ക് പ്രോത്സാഹനം നല്‍കിയും കുത്തകകള്‍ക്ക് കാര്‍ഷിക രംഗം തീറെഴുതിയും കേന്ദ്ര സര്‍ക്കാര്‍ മുമ്പോട്ട് പോകുന്നത് ഡല്‍ഹിയില്‍ നടന്നുവരുന്ന സമരത്തിന് അനുദിനം ചൂടും ചൂരും വന്നുകൊണ്ടിരിക്കുമ്പോള്‍ അവരുടെ സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കാതെ എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കാനുള്ള ശ്രമമാണ് വേണ്ടത്.