തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞതോടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി വരികയാണ്. അടുത്ത ഘട്ടം വീടുകള്‍ കയറിയിറങ്ങിയുള്ള പണപിരിവാണ്. കഴിഞ്ഞ ദിവസംതന്നെ ചില സ്ഥാനാര്‍ത്ഥികള്‍ രസീതിയും നോട്ടീസുമായി ഇറങ്ങിക്കഴിഞ്ഞു. കോവിഡ് മൂലം ഒരു വര്‍ഷത്തോളമായി ജോലിയും കൂലിയുമില്ലാത്ത ജനങ്ങളാണ് ഭൂരിഭാഗവും. അവര്‍ നിത്യചെലവിന് തന്നെ ഏറെ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. ഈ സമയത്ത് അവരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമൊക്കെ കൃത്യമായി മാസംതോറും ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും മറ്റ് മേഖലകളിലുള്ള എല്ലാ ജനങ്ങളുടെയും അവസ്ഥ പരിതാപകരമാണ്. തിരഞ്ഞെടുപ്പിനുള്ള ചെലവ് ഇന്നത്തെ സാഹചര്യത്തില്‍ പരിമിതപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് തന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചെറിയ രീതിയിലുള്ള പ്രചരണപ്രവര്‍ത്തനങ്ങള്‍ മാത്രമേ പാടുള്ളൂ. ഇതിനുള്ള ഫണ്ട് അതത് പാര്‍ട്ടികളോ മുന്നണികളോ സ്ഥാനാര്‍ത്ഥിയോ തന്നെ വഹിക്കണം. നിര്‍മ്മാണ മേഖലയിലും കൂലിപ്പണിയെടുത്ത് നിത്യനിദാനച്ചെലവ് കണ്ടെത്തുന്നവരുമൊക്കെയാണ് ഭൂരിഭാഗം ജനങ്ങളും. അതുപോലെ തന്നെ കര്‍ഷകരും വ്യാപാരികളും. ഇവര്‍ക്കൊക്കെ തൊഴില്‍ നഷ്ടമായിട്ട് മാസങ്ങള്‍ കഴിഞ്ഞു. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനോ ഉല്‍പ്പാദിപ്പിക്കാനോ കഴിയാത്ത സാഹചര്യമാണുള്ളത്. വ്യാപാര സ്ഥാപനങ്ങള്‍ ഏതാനും ആഴ്ചമുമ്പ് മാത്രമാണ് സജീവമായത്. രണ്ട് മാസത്തെ ലോക്ഡൗണും തുടര്‍ന്ന് വന്ന നിയന്ത്രണങ്ങളും മിക്ക വ്യാപാരികളെയും കടക്കെണിയിലാക്കിയിട്ടുണ്ട്. കടകള്‍ തുറക്കാത്തതിനാല്‍ വ്യാപാര സ്ഥാപനങ്ങളെ ആശ്രയിച്ച് കഴിഞ്ഞ് വന്ന പതിനായിരക്കണക്കിന് ആളുകള്‍ക്കും ജീവിതം മുമ്പോട്ട് കൊണ്ടുപോകാന്‍ പറ്റാത്ത സാഹചര്യമാണ് ഉണ്ടായത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സൗജന്യ അരിയും ഭക്ഷ്യധാന്യങ്ങളും പെന്‍ഷനുമൊക്കെ ലഭിക്കുന്നതുകൊണ്ടാണ് അവര്‍ പട്ടിണിയിലാവാതെ കഴിയുന്നത്. ഈയൊരു സാഹചര്യത്തില്‍ ജനങ്ങളെ പിരിവിന്റെ പേരില്‍ ക്രൂശിക്കുന്നത് ശരിയല്ല. ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്തു വന്നിരുന്നവരാണ് തളര്‍ന്നു കിടക്കുന്ന മറ്റൊരു വിഭാഗം. ഗള്‍ഫില്‍ ജോലി ചെയ്തുവന്നിരുന്ന നല്ലൊരു ശതമാനം മലയാളികളും നാട്ടില്‍ തിരിച്ചെത്തിക്കഴിഞ്ഞു. തൊഴില്‍ മേഖല സ്തംഭിച്ചതോടെ അവര്‍ എല്ലാം കെട്ടിപ്പെറുക്കി നാട്ടിലേക്ക് മടങ്ങി. കോവിഡ് ഭീതിയില്‍ നാട്ടിലേക്ക് മടങ്ങിയവര്‍ക്ക് വിമാന സര്‍വ്വീസില്ലാത്തതിനാല്‍ തിരികെപ്പോകാന്‍ സാധിക്കാത്തതിനാല്‍ തൊഴിലും നഷ്ടപ്പെട്ടു. നാട്ടിലെത്തി എന്തെങ്കിലും തൊഴിലന്വേഷിച്ച് നടക്കുകയാണ് പലരും. അവരെയും ബുദ്ധിമുട്ടിക്കരുത്. രാഷ്ട്രീയ പാര്‍ട്ടികള്‍ പിരിവിനിറങ്ങുമ്പോള്‍ പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങളുടെയും പേരില്‍ പിരിവ് നല്കാന് പറ്റാത്ത സാഹചര്യമുണ്ടാവും. വീട്ടിലെ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാറ്റിവെച്ച തുകയില്‍ നിന്നും വേണം അവര്‍ക്ക് പിരിവ് നല്കാന്. ഇത്തരമൊരു സാഹചര്യം ഉണ്ടാവരുത്. പ്രചരണ പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ രീതിയില്‍ നടത്തിയാല്‍ പിരിവെടുക്കാതെ നോക്കാനാവും.