മംഗളൂരു: കര്‍ണാടക കടബയിലെ ഹോട്ടലില്‍ ദോശ സ്പെഷ്യലിസ്റ്റായി ജോലി ചെയ്തിരുന്ന മൈസൂരു സ്വദേശി നിരവധി പേരെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയ ശേഷം മുങ്ങി. മൈസൂരുവിലെ ഹരനഹള്ളി സ്വദേശിയായ ശരത് ബാബു(30)വാണ് തട്ടിപ്പ് നടത്തിയത്. കടബ താലൂക്കിലെ നിരവധി ആളുകളെ ശരത്ബാബു വഞ്ചിക്കുകയും പണം കൈക്കലാക്കുകയും ചെയ്തിട്ടുണ്ട്.
കടബയില്‍ അടുത്തിടെ പ്രവര്‍ത്തനമാരംഭിച്ച ഹോട്ടലില്‍ ശരത്ബാബു ദോശ സ്പെഷ്യലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. ആകര്‍ഷകമായി സംസാരിക്കാനുള്ള കഴിവുള്ള ശരത്ബാബു രണ്ട് മാസത്തിനുള്ളില്‍ നിരവധി ആളുകളുമായി സൗഹൃദം വളര്‍ത്തിയെടുക്കുകയും അവരില്‍ നിന്ന് പണവും മറ്റും കൈക്കലാക്കുകയും ചെയ്തു. തട്ടിപ്പ് പുറത്തായതോടെ ഇയാള്‍ ആഗസ്ത് 23ന് കടബയില്‍ നിന്ന് മുങ്ങി.
കടബയില്‍ വരുന്നതിന് മുമ്പ് ശരത് കാര്‍ക്കളയിലും പലരെയും കബളിപ്പിച്ച് പണം തട്ടിയെടുത്തിരുന്നു. പണം, സ്വര്‍ണം, വാഹനം, ഇലക്ട്രോണിക് സാധനങ്ങള്‍ എന്നിവ കൈക്കലാക്കി സ്ഥലം വിട്ട ശരതിനെതിരെ പലരും കടബ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
നഗരത്തിലെ ഒരു ഇലക്ട്രോണിക് കടയില്‍ നിന്ന് 45,000 രൂപയുടെ ലാപ്ടോപ്പ്, കളര്‍ ടിവി, മറ്റൊരു ഇലക്ട്രോണിക് കടയില്‍ നിന്ന് 13,000 രൂപയുടെ സാധനങ്ങള്‍, കടബയിലെ ഹോട്ടലിന് സമീപം ഒരു സര്‍വീസ് സെന്റര്‍ നടത്തുന്ന വ്യക്തിയില്‍ നിന്ന് 6,500 രൂപ എന്നിവ ശരത്ബാബു തട്ടിയെടുത്തിരുന്നു. മറ്റൊരാളില്‍ നിന്ന് 2,000 രൂപ, പച്ചക്കറി വില്‍പ്പനക്കാരനില്‍ നിന്ന് 35,000 രൂപ, പലചരക്ക് കട ഉടമയില്‍ നിന്ന് 60,000 രൂപ, സഹപ്രവര്‍ത്തകനില്‍ നിന്ന് 16,000 രൂപ തുടങ്ങിയവയും മറ്റൊരാളില്‍ നിന്ന് സ്വര്‍ണമാലയും ഇയാള്‍ സ്വന്തമാക്കി. ശരതിന്റെ മൊബൈല്‍ നമ്പര്‍ സ്വിച്ച് ഓഫാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ മൊബൈല്‍ ഫോണിലെ പഴയ സിം മാറ്റി പുതിയ സിം ഉപയോഗിക്കുന്നതായി പൊലീസ് സംശയിക്കുന്നു.