ബദിയടുക്ക: സ്വര്‍ണ്ണ ഇടപാടിനെ ചൊല്ലിയെന്ന് സൂചന. ജില്ലയില്‍ വീണ്ടും തട്ടിക്കൊണ്ടുപോകല്‍ സംഭവം. കാറിലെത്തിയ സംഘം പെര്‍ള ചെക്ക് പോസ്റ്റിന് സമീപത്തെ യുവാവിനെ തട്ടിക്കൊണ്ടുപോയതായാണ് പരാതി.
പെര്‍ള ചെക്ക് പോസ്റ്റിന് സമീപത്തെ അബ്ബാസിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇതുസംബന്ധിച്ച് ഉമ്മ ഫാത്തിമത്ത് സുഹറ നല്കിയ പരാതിയില്‍ ബദിയടുക്ക പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെ വെള്ള നിറത്തിലുള്ള ഇയോണ്‍ കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നും നെല്ലിക്കട്ട സ്വദേശിയാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു.
അബ്ബാസിന്റെ സഹോദരനുമായി ബന്ധപ്പെട്ട സ്വര്‍ണ്ണ ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും ക്വട്ടേഷന്‍ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. അബ്ബാസും സഹോദരനും എറണാകുളത്ത് ജോലി ചെയ്തുവരികയാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇവര്‍ നാട്ടിലെത്തിയത്. അബ്ബാസ് ഇന്നലെ വൈകിട്ട് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ സംഘം നിരീക്ഷിച്ചുകൊണ്ടിരുന്നതായും സംശയിക്കുന്നു. പിന്നീട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയത്. അബ്ബാസിന്റെ സഹോദരനെ വിളിച്ച് സംഘം ഭീഷണിപ്പെടുത്തിയതായി വിവരമുണ്ട്. ജില്ലയില്‍ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുന്നതും അക്രമിക്കുന്നതുമായ സംഭവങ്ങള്‍ ഏറിവരികയാണ്. ഏതാനും ദിവസം മുമ്പ് ബദിയടുക്ക പാടലടുക്കയില്‍ യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയിരുന്നു.
ഇതും സ്വര്‍ണ്ണമിടപാട് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നായിരുന്നു. സംഭവത്തില്‍ രണ്ടുപ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു രണ്ടു പ്രതികളേയും കാറും പൊലീസ് അന്വേഷിച്ചുവരികയാണ്.