ബദിയടുക്ക: ട്രാവല്‍സിന്റെ ഷട്ടര്‍ തുറന്ന് പണം കവര്‍ന്ന കേസിലെ പ്രതി റിമാണ്ടില്‍. പള്ളത്തടുക്ക കുടുപ്പംകുഴി സ്വദേശിയും ബദിയടുക്ക ബാറഡുക്കയില്‍ താമസക്കാരനുമായ മുഹമ്മദ് കുഞ്ഞി(42)യാണ് റിമാണ്ടിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സീതാംഗോളിയില്‍ പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് ക്ലാസ് ട്രാവല്സില് നിന്നാണ് പണം കവര്‍ന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ട്രാവല്‍സിന്റെ ഷട്ടര്‍ താഴ്ത്തി ഉടമ കുമ്പള പെര്വാടിലെ മുഹമ്മദ് മുഹ്സമിന് ജുമുഅ നിസ്കാരത്തിനായി പള്ളിയില്‍ പോയ സമയത്ത് ഷട്ടര്‍ തുറന്ന് അകത്ത് കയറി മേശ വലിപ്പില്‍ സൂക്ഷിച്ച 96,000 രൂപ കവര്‍ന്നതായാണ് പരാതി. ട്രാവല്‍സ് ഉടമയുടെ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിക്കുകയും സീതാംഗോളി ടൗണിലുള്ള സി.സി.ടി. വികള്‍ പരിശോധിച്ചു. ഇതിലെ ദൃശ്യങ്ങളില്‍ നിന്നാണ് ചിലര്‍ മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. ഈ വഴിക്ക് പൊലീസ് അന്വേഷിക്കുന്നതിനിടെ ശനിയാഴ്ച മോഷ്ടാവെന്ന് സംശയിക്കുന്ന വ്യക്തി സീതാംഗോളിയിലെത്തി. നാട്ടുകാര്‍ മോഷ്ടാവിനെ തടഞ്ഞു വെച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എസ്.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസെത്തി മുഹമ്മദ് കുഞ്ഞിയെ അറസ്റ്റുചെയ്യുകയായിരുന്നു. കവര്‍ന്ന പണം മുഴുവനും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.