കാഞ്ഞങ്ങാട്: സി.വി.ബാലകൃഷ്ണനെ കാണാനും അദ്ദേഹത്തോട് ഏറെ നേരം സംസാരിക്കാനും കഴിഞ്ഞ സന്തോഷത്തിലാണ് മേലാങ്കോട്ട് എ.സി.കണ്ണന് നായര്‍ സ്മാരക ഗവ. യു.പി.സ്കൂളിലെ ഏഴാം തരം വിദ്യാര്‍ഥി രാമു ജയന്.
ഓണ്‍ലൈന്‍ ക്ലാസുകളിലൊതുങ്ങിയ പഠനപ്രവര്‍ത്തനങ്ങളെ അറിവിന്റെ അതിരുകളില്ലാത്ത വിശാലമായ ലോകത്തേത്തിക്കാനുള്ള തുടക്കമെന്ന നിലയില്‍ വിദ്യാലയം ആരംഭിക്കുന്ന ‘രാമൂസ് വേള്‍ഡ്’ എന്ന യൂ ട്യൂബ് ചാനലിനു വേണ്ടിയാണ് രാമു കഥകളിലൂടെയും നോവലുകളിലൂടെയും അടുത്തറിഞ്ഞ എഴുത്തുകാരനെ തേടി എത്തിയത്.
തന്നെ വളര്‍ത്തിയ പയ്യന്നൂരിനടുത്ത അന്നൂരിലെ സഞ്ജയന് സ്മാരക ഗ്രന്ഥാലയവും ഗാന്ധി നട്ടമാവും നെഹ്റുവും ഉളിയത്ത് കടവിലെ ഉപ്പുസത്യാഗ്രഹവും വള്ളത്തോളും കുട്ടമത്തും …. ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളിലേക്ക് സംഭാഷണം നീണ്ടു പോയി.
കുട്ടിക്കാലത്ത് കാളവണ്ടിയിലെത്തിയ ഒരു സംഘം അന്നൂരില്‍ തമ്പടിച്ച് നാടകം കളിച്ചതും കൊട്ടകയില്‍ കയറാന്‍ നാലണയില്ലാത്തതിനാല് കൊളുത്തില്ലാത്ത ജനല്‍ പഴുതിലൂടെ കയറി കൂട്ടുകാരോടൊത്ത് നാടകം കണ്ടതും പിറ്റേ ദിവസം മുതല്‍ ജനലടച്ചതിനാല് ആറു ദിവസം പുറത്തിരുന്ന് ശബ്ദം മാത്രം കേട്ട് നാടകമാസ്വദിച്ചതുമാണ് പാഠ ഭാഗത്തിലെ പ്രമേയം.
പാഠ ഭാഗത്തിനു പുറമെ സാഹിത്യവും കലയും സ്പോര്‍ട്സും ചരിത്രവും ശാസ്ത്രവും തുടങ്ങി വിജ്ഞാനത്തിന്റെ വ്യത്യസ്ത ജാലകം തുറക്കുന്ന യൂ ട്യൂബ് ചാനല്‍ ഫെയ്സ് ബുക്കിലൂടെ സിനിമാ താരം വിനയ് ഫോര്‍ട്ട് റിലീസ് ചെയ്തു.