ഈന്തപ്പഴത്തിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; യാത്രക്കാരന്‍ കസ്റ്റംസ് പിടിയില്‍

ന്യൂഡല്‍ഹി: ഈന്തപ്പഴത്തിനുള്ളില്‍ കടത്താന്‍ ശ്രമിച്ച 172 ഗ്രാം സ്വര്‍ണവുമായി യാത്രക്കാരന്‍ കസ്റ്റംസ് പിടിയില്‍. SV-756 നമ്പര്‍ വിമാനത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ 56-കാരനായ യാത്രക്കാരനാണ് ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായത്.

ബാഗേജിന്റെ എക്‌സ്-റേ സ്‌കാനിങ് നടത്തുമ്പോള്‍ സംശയാസ്പദമായ രീതിയില്‍ ഒരു വസ്തു ശ്രദ്ധയില്‍പ്പെടുകയായിരുന്നു. യാത്രക്കാരന്‍ ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടറിനുള്ളിലൂടെ കടന്നപ്പോള്‍ ഉപകരണം ശക്തമായി ശബ്ദിച്ചതും കസ്റ്റംസിന്റെ സംശയത്തിനിട നല്‍കി.

തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ ലഗേജ് പരിശോധിച്ചപ്പോഴാണ് കവറില്‍ കെട്ടിയ നിലയില്‍ ഈന്തപ്പഴം കണ്ടെത്തിയത്. ഇത് വിശദമായി പരിശോധിച്ചപ്പോള്‍ പഴത്തിനുള്ളില്‍ കുരുവിന്റെ സ്ഥാനത്ത് സ്വര്‍ണം കണ്ടെത്തുകയായിരുന്നു. സ്വര്‍ണം പിടിച്ചെടുത്ത വിവരം ഡല്‍ഹി കസ്റ്റംസ് (എയര്‍പോര്‍ട്ട് ആന്‍ഡ് ജനറല്‍) അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

സ്വര്‍ണം കൃത്യമായ അളവില്‍ മുറിച്ച് ഈന്തപ്പഴത്തില്‍ നിറച്ചിരിക്കുകയായിരുന്നു. യാത്രക്കാരനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ ആര്‍ക്കുവേണ്ടിയാണ് സ്വര്‍ണം എത്തിച്ചത് എന്നതുള്‍പ്പെടെ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.

Related Articles
Next Story
Share it