തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏപ്രില്‍ ആറിന് മുമ്പ് വിഷു കിറ്റും സ്കൂള്‍ കുട്ടികള്‍ക്കുള്ള അരിയും പെന്ഷന് വിതരണവും നല്‍കാനുള്ള സര്‍ക്കാര്‍ ശ്രമം തടയണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷം പരാതി നല്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഭക്ഷ്യക്കിറ്റും ക്ഷേമ പെന്‍ഷനും മുടക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ അന്നം മുടക്കാന്‍ ഒരു മടിയുമില്ലാത്ത മാനസികാവസ്ഥ പ്രതിപക്ഷം ഇപ്പോഴും തുടരുന്നു. പ്രളയകാലത്ത് കേരളത്തിനുള്ള സഹായം മുടക്കാന്‍ ബി.ജെ.പിയോടൊപ്പമായിരുന്നു കോണ്‍ഗ്രസ്. ഇപ്പോള്‍ ഭക്ഷ്യക്കിറ്റും ക്ഷേമ പെന്‍ഷും മുടക്കാന്‍ ശ്രമിക്കുകയാണ്. വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ട എന്ന് പറയാന്‍ യു.ഡി.എഫ് തയാറായിട്ടില്ല. പ്രതിപക്ഷ നേതാവും അത് വ്യക്തമായി പ്രഖ്യാപിച്ചിട്ടില്ല. അതിനര്‍ത്ഥം ആര്.എസ്.എസിന്റെ സഹായം യു.ഡി.എഫ് പ്രതീക്ഷിക്കുന്നു എന്നാണ്.
ഏപ്രില്‍ ആറിന് മുമ്പ് വിഷു കിറ്റ്, ഏപ്രില്‍ മേയ് മാസങ്ങളിലെ പെന്ഷന് തുക എന്നിവ നല്‍കാനുള്ള തീരുമാനം അനുവദിക്കരുതെന്നും സ്കൂള്‍ കുട്ടികള്‍ക്കുള്ള അരി വിതരണം തടയണമെന്നുമാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. മൊത്തത്തില്‍ ജനങ്ങളുടെ അന്നം മുടക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത് -മുഖ്യമന്ത്രി വിമര്‍ശിച്ചു.
ജയിച്ചാല്‍ ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ തീരുമാനമെടുക്കുമെന്നാണ് പ്രകടന പത്രികയില്‍ ബി.ജെ.പി പറയുന്നത്. കേരളത്തില്‍ സി.എ.എ നടപ്പാക്കില്ലെന്ന് നേരത്തെ തന്നെ എല്‍.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പായാലും പിമ്പായാലും ഞങ്ങള്‍ക്ക് ഒരേ വാക്കാണ്. ഇത് ബി.ജെ.പി നേതൃത്വം മനസ്സിലാക്കുന്നത് നല്ലതാണ്. ഒരു കരി നിയമത്തിനും വഴങ്ങിക്കൊടുക്കാന്‍ എല്‍.ഡി.എഫ് ഉദ്ദേശിച്ചിട്ടില്ല -മുഖ്യമന്ത്രി വ്യക്തമാക്കി.