തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ കഴിഞ്ഞ പത്ത് മാസമായി അടഞ്ഞുകിടന്ന സിനിമാ തിയറ്ററുകള്‍ ബുധനാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. വിജയ് ചിത്രം മാസ്റ്റര്‍ ആണ് ആദ്യം റിലീസ് ചെയ്യുക. തിയറ്റര്‍ തുറക്കാന്‍ സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം തിയറ്ററുകള്‍ തുറക്കാനാവില്ലെന്ന നിലപാടിലായിരുന്നു ഉടമകള്‍. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികളുമായി തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് സമവായത്തിലെത്തിയത്.
2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. 2020 മാര്‍ച്ച് 31നുള്ളില്‍ തിയറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്, ബില്‍ഡിംഗ് ഫിറ്റ്നസ്, ആരോഗ്യം, ഫയര്‍ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
മലയാള സിനിമകള്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ റിലീസ് ചെയ്യുമെന്ന് ഫിലിം ചേമ്പര്‍ അധികൃതര്‍ വ്യക്തമാക്കി. സിനിമയുടെ മുതല്‍മുടക്ക് അനുസരിച്ചായിരിക്കും റിലീസ് ചെയ്യേണ്ട തിയേറ്ററുകളുടെ എണ്ണം തീരുമാനിക്കുക. വിതരണക്കാരുടെ കുടിശിക നല്കാന് തിയേറ്റര്‍ ഉടമകള്‍ സമയം നിശ്ചയിച്ചിട്ടുണ്ട്. സെന്‍സര്‍ പൂര്‍ത്തിയായ 11 ചിത്രങ്ങളുടെ റിലീസ് വിതരണക്കാര്‍ നിശ്ചയിക്കും.