തിരുവനന്തപുരം: കര്‍ണാടക-കേരള അതിര്‍ത്തികള്‍ കര്‍ണാടക സര്‍ക്കാര്‍ അടച്ചതിനെതിരെ കേന്ദ്രത്തെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായിവിജയന്. സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്ക് പോകുന്ന അതിര്‍ത്തി റോഡുകള്‍ പലതും അടച്ചത് കേന്ദ്രസര്‍ക്കാരിന്റെ മാര്ഗനിര്ദേശത്തിന് എതിരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഒരു നിയന്ത്രണവും ഒരു സംസ്ഥാനവും ഏര്‍പ്പെടുത്താന്‍ പാടില്ലെന്നാണ് കേന്ദ്ര മാര്‍ഗനിര്‍ദേശം. കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കുന്നവരെ മാത്രമെ കര്‍ണാടകയിലേക്ക് പ്രവേശിപ്പിക്കൂ എന്ന നിലപാടാണ് അതിര്‍ത്തികളില്‍ കണ്ടത്. ഇക്കാര്യം സംസ്ഥാന പൊലീസ് മേധാവി കര്‍ണാടക ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ഈ നിബന്ധന ഒഴിവാക്കാം എന്നാണ് കര്‍ണാടക ഡിജിപി ഉറപ്പു നല്‍കിയത്. പ്രശ്നം പൂര്‍ണമായി പരിഹരിക്കുന്നതിന് തുടര്‍ന്നും കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെടും. അതിനു പുറമെയാണ് പ്രശ്നം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്താനുള്ള തീരുമാനം.