കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ക്രൈംബാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ മഞ്ചേശ്വരം മുന്‍ എം.എല്‍.എ എം.സി ഖമറുദ്ദീന് അടക്കം 29 പ്രതികളാണുള്ളത്. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 168 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ അന്വേഷണം പൂര്‍ത്തിയായ 15 കേസുകളിലാണ് കാസര്‍കോട്, കണ്ണൂര്‍ അഡീഷണല്‍ ജില്ലാ കോടതികളില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. 17 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍ പറയുന്നത്.
മഞ്ചേശ്വരം മുന്‍ എം.എല്‍.എയും ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനുമായ എം.സി ഖമറുദ്ദീന് ഒന്നാം പ്രതിയും മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍ രണ്ടാം പ്രതിയുമാണ്. ബഡ്സ് ആക്റ്റ്, നിക്ഷേപക താല്പര്യ സംരക്ഷണ നിയമം, ഐ.പി.സി വകുപ്പുകള്‍ ചുമത്തിയാണ് കേസ്. വഞ്ചന, വിശ്വാസ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കേസില്‍ നേരത്തെ പ്രതികളുടെ സ്വത്തുക്കള്‍ അന്വേഷണ സംഘം കണ്ട് കെട്ടിയിരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി 263 പേരുടെ പരാതികളാണ് ക്രൈംബ്രാഞ്ച് എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തില്‍ അന്വേഷിക്കുന്നത്. 35 കേസുകളുടെ കുറ്റപത്രം കൂടി തയ്യാറായിട്ടുണ്ട്.