തമിഴ് നടന്‍ വിശാല്‍ വിവാഹിതനാവുന്നു; വധു നടി സായ് ധന്‍സിക

വിവാഹശേഷം ധന്‍സിക അഭിനയ ജീവിതം തുടരുമെന്ന് വിശാല്‍

തമിഴ് നടന്‍ വിശാല്‍ വിവാഹിതനാവുന്നു. നടി സായ് ധന്‍സികയാണ് വധു. 'യോഗി ഡാ'യുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ സായി ധന്‍സിക തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. സായ് ധന്‍സിക കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ഇത്. ഈ വര്‍ഷം ഓഗസ്റ്റ് 29-നാണ് വിശാലും സായ് ധന്‍സികയും തമ്മിലുള്ള വിവാഹം.

15 വര്‍ഷം നീണ്ടുനിന്ന സൗഹൃദത്തിനൊടുവിലാണ് വിവാഹം. സുഹൃത്തുക്കളായി തുടങ്ങിയ ബന്ധം അടുത്തിടെ പ്രണയമായി മാറുകയായിരുന്നു. വിവാഹം വരെ തങ്ങളുടെ പ്രണയം രഹസ്യമായി സൂക്ഷിക്കാന്‍ ആദ്യം പദ്ധതിയിട്ടിരുന്നുവെങ്കിലും ഇരുവരുടേയും ബന്ധത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നതോടെ വെളിപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സായ് ധന്‍സിക പറഞ്ഞു. വിവാഹശേഷം ധന്‍സിക അഭിനയ ജീവിതം തുടരുമെന്ന് വിശാല്‍ ഉറപ്പുനല്‍കി

അടുത്തിടെ വിശാല്‍ സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു. എന്നാല്‍ വധുവിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചിരുന്നില്ല. 35കാരിയായ ധന്‍സിക 2006ല്‍ റിലീസ് ചെയ്ത മാനത്തോടു മഴൈക്കാലം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. കബാലി, പേരാണ്‍മൈ, പരദേശി തുടങ്ങിയ തമിഴ് ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയാണ്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ആന്തോളജി ചിത്രം 'സോളോ'യില്‍ അഭിനയിച്ചതിലൂടെ മലയാള സിനിമയിലും ധന്‍സിക തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെയും വിശാലിന്റെ കൂടെ അഭിനയിച്ചിട്ടില്ല.

Related Articles
Next Story
Share it