കാര്‍ പുറകോട്ട് എടുക്കുമ്പോള്‍ ഉരഞ്ഞതിന്റെ പേരില്‍ സഹോദരനോട് കയര്‍ത്ത് രോഹിത് ശര്‍മ; വീഡിയോ വൈറല്‍

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ 'രോഹിത് ശര്‍മ സ്റ്റാന്‍ഡ്' തുറക്കുന്ന ചടങ്ങിലേക്ക് കുടുംബസമേതം എത്തിയ അവസരത്തിലായിരുന്നു സംഭവം

മുംബൈ: കാര്‍ പുറകോട്ട് എടുക്കുമ്പോള്‍ ഉരഞ്ഞതിന്റെ പേരില്‍ സഹോദരനോട് കയര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ 'രോഹിത് ശര്‍മ സ്റ്റാന്‍ഡ്' തുറക്കുന്ന ചടങ്ങിലേക്ക് കുടുംബസമേതം എത്തിയ അവസരത്തിലായിരുന്നു സംഭവം.

ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. കാറിന്റെ ഒരു ഭാഗത്തേക്ക് ചൂണ്ടി ഇതെന്താണെന്ന് സഹോദരന്‍ വിശാലിനോട് രോഹിത് ചോദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. 'റിവേഴ്‌സ്' എടുക്കുമ്പോള്‍ സംഭവിച്ചുപോയതാണെന്ന് മറുപടി പറഞ്ഞെങ്കിലും സഹോദരന്റെ വാക്കുകള്‍ രോഹിത്തിന് രസിച്ചില്ല. വിശാലിനോടു കുറച്ചുനേരം തര്‍ക്കിച്ച ശേഷമാണ് രോഹിത് സ്റ്റേഡിയത്തില്‍ നിന്നു മടങ്ങിയത്.

വാങ്കഡെ സ്റ്റേഡിയത്തില്‍ സ്വന്തം പേരില്‍ ഒരു സ്റ്റാന്‍ഡ് ഉള്ളത് വലിയ സന്തോഷം നല്‍കുന്നുവെന്ന് പിന്നീട് രോഹിത് പ്രതികരിച്ചു.

'വാങ്കഡെ സ്റ്റേഡിയം എനിക്ക് വളരെ സ്‌പെഷലാണ്. പ്രഫഷനല്‍ ക്രിക്കറ്റില്‍ ഞാന്‍ സ്വപ്നങ്ങള്‍ കണ്ടു തുടങ്ങുന്നത് ഇവിടെ വച്ചാണ്. മുംബൈയിലെ ആരാധകരുടെ ഊര്‍ജം എനിക്ക് എപ്പോഴും ആവേശമാണ്. ഈ സ്റ്റേഡിയത്തില്‍ എന്റെ പേരില്‍ ഒരു സ്റ്റാന്‍ഡ് ഉണ്ടാകുന്നതില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനോടുള്ള നന്ദി അറിയിക്കുകയാണ്' - എന്നും രോഹിത് ശര്‍മ പ്രതികരിച്ചു.

രോഹിതിന്റെ മാതാപിതാക്കളായ ഗുരുനാഥും പൂര്‍ണിമ ശര്‍മ്മയും ഭാര്യ റിതിക സജ് ദെയും സഹോദരന്‍ വിശാലും ചടങ്ങില്‍ പങ്കെടുത്തു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിത് വഡേക്കറെയും മുന്‍ ബിസിസിഐ പ്രസിഡന്റ് ശരദ് പവാറിനെയും ചടങ്ങില്‍ വച്ച് എംസിഎ ആദരിച്ചു.

കഴിഞ്ഞ ദിവസം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച രോഹിത് ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് ഇനി കളിക്കുന്നത്. ഐപിഎലിന്റെ ഭാഗമായി മുംബൈ ഇന്ത്യന്‍സില്‍ തുടര്‍ന്നും കളിക്കും. 2024 ലെ ടി20 ലോകകപ്പിലും 2025 ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയുടെ വിജയങ്ങളില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായി സ്ഥാനം ഉറപ്പിക്കാന്‍ രോഹിത്തിന് കഴിഞ്ഞു. 2007 ല്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചതിനുശേഷം, രോഹിത് 67 ടെസ്റ്റുകളും 273 ഏകദിനങ്ങളും 159 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Related Articles
Next Story
Share it