പ്രശസ്ത സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

കരള്‍ രോഗത്തെ തുടര്‍ന്ന് ഏതാനും നാളായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.

തിരുവനന്തപുരം: പ്രശസ്ത സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ഏതാനും നാളായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. വ്യാഴാഴ്ച രാത്രിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. നടന്‍ കിഷോര്‍ സത്യയാണ് ഫേസ് ബുക്കിലൂടെ മരണ വിവരം അറിയിച്ചത്. ഒരു സങ്കട വാര്‍ത്ത എന്ന് പറഞ്ഞാണ് കിഷോര്‍ സത്യ ഫേസ് ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. സംസ്‌കാരം ശനിയാഴ്ച നടക്കും.

കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവര്‍ത്തകരും. കരള്‍ നല്‍കാന്‍ മകള്‍ തയാറായിരുന്നെങ്കിലും ചികിത്സയ്ക്കായുള്ള ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം.

നേരത്തെ നടന്റെ ചികിത്സക്ക് 30 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നും നടന്‍ കിഷോര്‍ സത്യ പറഞ്ഞിരുന്നു. സീരിയല്‍ ആര്‍ടിസ്റ്റുകളുടെ സംഘടനയായ ആത്മയില്‍ നിന്നും നടന് സാമ്പത്തിക സഹായം നല്‍കുമെന്നും കിഷോര്‍ സത്യ അറിയിച്ചിരുന്നു.

സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലും വിഷ്ണു പ്രസാദ് അംഗമാണ്. അമ്മയില്‍ നിന്നും ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക സഹായം ലഭിക്കുമോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും കിഷോര്‍ സത്യ കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു.

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് വിഷ്ണു പ്രസാദ്. വില്ലന്‍ വേഷങ്ങളിലൂടെയാകും പ്രേക്ഷകരില്‍ ഭൂരിഭാഗം പേര്‍ക്കും അദ്ദേഹത്തെ അറിയുന്നത്. വിനയന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ കാശിയിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. പിന്നീട് സീരിയലുകളിലും വിഷ് ണുപ്രസാദ് സജീവമായി. അഭിരാമി, അനനിക എന്നിവര്‍ മക്കളാണ്.

Related Articles
Next Story
Share it