കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ് സുഹൃത്തായ യുവാവ് അറസ്റ്റില്‍. കാഞ്ഞങ്ങാട് ആലിമിപ്പള്ളി സ്വദേശി വിനോദ് കുമാറിന്റെ മകള്‍ നന്ദയുടെ ആത്മഹത്യയിലാണ് കല്ലൂരാവി മൗലാകിരിയത്ത് ഹൗസില്‍ സിദ്ധീഖിന്റെ മകന് അബ്ദുല്‍ ശുഹൈബി(20)നെ ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി.കെ ഷൈന്‍ അറസ്റ്റ് ചെയ്തത്. ശുഹൈബിന്റെ ഭീഷണി കാരണമാണ് നന്ദ ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്.
കാഞ്ഞങ്ങാട് സി.കെ നായര്‍ ആര്‍ട്സ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയാണ് നന്ദ. തിങ്കളാഴ്ചയാണ് വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് നന്ദ ശുഹൈബിനെ വീഡിയോ കോള്‍ ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ശുഹൈബിനെ കസ്റ്റഡിയലെടുത്തത്.
നന്ദയും ശുഹൈബും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് നല്കുന്ന വിവരം. എന്നാല്‍ അടുത്തിടെ ഇവരുടെ ബന്ധത്തില്‍ ഉലച്ചിലുണ്ടായി. ഇതോടെ നന്ദയുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ശുഹൈബ് ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. ഭീഷണി ഭയന്നാണ് നന്ദ ജീവനൊടുക്കിയതെന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന് നായര്‍ പറഞ്ഞു. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.