ബദിയടുക്കയില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
മധൂര്‍ കോടിമജല്‍ കേരള ഗ്രാമീണ്‍ ബാങ്കിന് സമീപം ശ്രീദേവി നിലയത്തിലെ പമ്മു എന്ന വിജയന്‍ ആണ് മരിച്ചത്

ബദിയടുക്ക: ബദിയടുക്ക ബോളുക്കട്ടയില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മധൂര്‍ കോടിമജല്‍ കേരള ഗ്രാമീണ്‍ ബാങ്കിന് സമീപം ശ്രീദേവി നിലയത്തിലെ പമ്മു എന്ന വിജയന്‍ (37) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പിലിക്കോടിലെ രാധാകൃഷ്ണന് ഗുരുതരമായി പരിക്കേറ്റു. ഇരുവരും നിര്‍മ്മാണത്തൊഴിലാളികളാണ്.
ഞായറാഴ്ച രാത്രിയോടെ ജോലി കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ബൈക്ക് ബദിയടുക്കയ്ക്ക് സമീപം ബോളുക്കട്ടയില്‍ വെച്ച് മുള്ളേരിയ ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ വിജയനെ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. പരേതനായ കൃഷ്ണന്റെയും ഷീലയുടെയും മകനാണ്. സഹോദരങ്ങള്‍: പ്രമോദിനി, ബിന്ദു. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.