പുലിപ്പേടി മാറി, ഇനി കാട്ടുപോത്തുകള്‍; ജില്ല അതിര്‍ത്തിയില്‍ കാട്ടുപോത്ത് ഭീതി; വ്യാപക നഷ്ടം

ബദിയടുക്ക: കാട്ടാനയും പുലിയും ഒഴിഞ്ഞതിന്റെ ആശ്വാസത്തില്‍ കഴിയുന്ന കര്‍ഷകരെ ആശങ്കയിലാഴ്ത്തി വനാതിര്‍ത്തി പ്രദേശങ്ങളില്‍ കാട്ടുപോത്തുകള്‍ കൂട്ടത്തോടെ കാടിറങ്ങി ഭീതി വിതക്കുന്നു. കഴിഞ്ഞ ദിവസം മുളിയാറിലെ കാനത്തൂര്‍ പയോലത്ത് കാട്ടുപോത്തുകള്‍ ഇറങ്ങി വ്യാപകമായി കൃഷിനാശം വരുത്തി. മുളിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. ജനാര്‍ദ്ദനന്‍, കെ.പി കുമാരന്‍ നായര്‍, കെ.പി വിനോദ് കുമാര്‍ എന്നിവരുടെ തോട്ടങ്ങളിലാണ് കാട്ടുപോത്തുകള്‍ ഇറങ്ങിയത്. രണ്ടുവര്‍ഷം പ്രായമായ നിരവധി കവുങ്ങുകള്‍ കുത്തിമറിച്ചിട്ടും തിന്നും നശിപ്പിച്ചു. ഒട്ടേറെ വാഴകളും നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയിലധികമായി കാനത്തൂരും പരിസരങ്ങളിലും പകല്‍ സമയത്തും ഇവ ഇറങ്ങുന്നുണ്ട്. അഞ്ച്ദിവസം മുമ്പ് വീട്ടിയടുക്കത്ത് പകല്‍സമയം ഇറങ്ങിയ കാട്ടുപോത്തുകള്‍ ഒരു വീടിന്റെ മതില്‍ തകര്‍ത്ത് ഇരുമ്പുഗേറ്റ് മറിച്ചിട്ടിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് പാണ്ടി ബാളംകയയില്‍ വയോധികന കാട്ടുപോത്തുകള്‍ അക്രമിച്ച് മാരകമായി പരിക്കേല്‍പിച്ചിരുന്നു. ഒരാളെക്കാള്‍ പൊക്കമുള്ള മതിലുകള്‍ നിഷ്പ്രയാസം ചാടികടന്നും കമ്പിവേലികളും കല്ല് കൊണ്ടുണ്ടാക്കിയ മതിലുകളും തകര്‍ത്താണ് ഇവ കൃഷിയിടത്തിലെത്തുന്നത്.
പകല്‍ സമയത്ത് പോലും ഗ്രാമീണ റോഡുകളിലും ഇടവഴികളിലും കാട്ടുപോത്തുകള്‍ എത്തുന്നതിനാല്‍ ഭീതിയോടെയാണ് നാട്ടുകാര്‍ യാത്ര ചെയ്യുന്നത്. വേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കാട്ടുപോത്തുകള്‍ പകല്‍ സമയത്തും ഇറങ്ങുന്നത് രക്ഷിതാക്കളെ ആശങ്കയിലാക്കുകയാണ്. ചെര്‍ക്കള-ജാല്‍സൂര്‍ പാതയിലും ബോവിക്കാനം-ചിപ്ലിക്കായ റോഡിലും ഇരിയണ്ണി-കുണിയേരി റോഡിലും വാഹനയാത്രക്കാര്‍ കാട്ടുപോത്തിന്റെ അക്രമത്തിന് ഇരയായിരുന്നു. രാത്രിയില്‍ കാനത്തൂര്‍-ബോവിക്കാനം, കാനത്തൂര്‍-കോട്ടൂര്‍ റൂട്ടില്‍ യാത്ര ചെയ്യുന്ന വാഹനയാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.