വിവാഹ ചടങ്ങില്‍ ബിരിയാണിക്കൊപ്പം വിളമ്പിയ സലാഡ് തീര്‍ന്നതിനെ ചൊല്ലി അക്രമം; കാറ്ററിംഗ് ജീവനക്കാര്‍ക്ക് പരിക്ക്

പുത്തിഗെ പേരാല്‍ കണ്ണൂരിലെ മുഹമ്മദ് ഷറഫുദ്ദീന്‍, സുഹൃത്ത് ഇംതിയാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്

ബദിയടുക്ക: വിവാഹ ചടങ്ങില്‍ ബിരിയാണിക്കൊപ്പം വിളമ്പിയ സലാഡ് തീര്‍ന്നതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കം അക്രമത്തില്‍ കലാശിച്ചു. കാറ്ററിംഗ് ജീവനക്കാരായ രണ്ട് യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റു. പുത്തിഗെ പേരാല്‍ കണ്ണൂരിലെ മുഹമ്മദ് ഷറഫുദ്ദീന്‍(21), സുഹൃത്ത് ഇംതിയാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഷറഫുദ്ദീന്റെ പരാതിയില്‍ അബ്ബാസ്, മസൂദ് എന്നിവര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു.

ഒക്ടോബര്‍ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സീതാംഗോളി അലയന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹചടങ്ങില്‍ ഷറഫുദ്ദീന്റെയും ഇംതിയാസിന്റെയും നേതൃത്വത്തിലാണ് ഭക്ഷണവിതരണം നടത്തിയിരുന്നത്. ബിരിയാണിക്ക് വിളമ്പിയിരുന്ന സലാഡ് തീര്‍ന്നതോടെ അബ്ബാസും മസൂദും ഇംതിയാസിനെ അസഭ്യം പറഞ്ഞു. മുഹമ്മദ് ഷറഫുദ്ദീന്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ ഷറഫുദ്ദീനെയും ഇംതിയാസിനെയും കൈകൊണ്ട് നെഞ്ചില്‍ കുത്തുകയും വയറിനും മുഖത്തും അടിക്കുകയുമായിരുന്നു.

മര്‍ദ്ദനത്തിന് ശേഷം ഇംതിയാസിനെ ഹാളിലൂടെ വലിച്ചിഴച്ച് പുറത്തേക്ക് തള്ളുകയും ചെയ്തു. മുഹമ്മദ് ഷറഫുദ്ദീന്‍ കുമ്പള പൊലീസിലാണ് ആദ്യം പരാതി നല്‍കിയിരുന്നത്. സംഭവം നടന്നത് ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കുമ്പള പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം അങ്ങോട്ടേക്ക് മാറ്റുകയായിരുന്നു.

Related Articles
Next Story
Share it