ബദിയടുക്ക- ആദൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്ന് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി; 3 പേര്‍ അറസ്റ്റില്‍

ബദിയടുക്കയിലെ നിസാര്‍, കാറടുക്ക നാരമ്പാടി ക്വാര്‍ട്ടേഴ്‌സിലെ രാജേന്ദ്ര ചൗഹാന്‍, മുളിയാര്‍ പൊവ്വലിലെ പി.എ മുഹമ്മദ് കുഞ്ഞി എന്നിവരാണ് അറസ്റ്റിലായത്

ബദിയടുക്ക: ബദിയടുക്ക- ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്ന് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ബദിയടുക്ക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് സമീപത്തെ നിസാര്‍(35), കാറടുക്ക നാരമ്പാടി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന രാജേന്ദ്ര ചൗഹാന്‍(41), മുളിയാര്‍ പൊവ്വലിലെ പി.എ മുഹമ്മദ് കുഞ്ഞി(75) എന്നിവരാണ് അറസ്റ്റിലായത്.

ബദിയടുക്ക മുകളിലെ ബസാറില്‍ സ്‌കൂള്‍ പരിസരത്ത് നിന്ന് 62 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായാണ് നിസാര്‍ പൊലീസ് പിടിയിലായത്. ബദിയടുക്ക ഇന്‍സ്പെക്ടര്‍ എ അനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയപ്പോള്‍ നിസാര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പൊലീസ് സംഘം പിറകെയോടി നിസാറിനെ തടഞ്ഞുനിര്‍ത്തി സഞ്ചി പരിശോധിച്ചപ്പോഴാണ് 62 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്.

മുള്ളേരിയ ബസ് വെയ്റ്റിങ്ങ് ഷെഡിന് സമീപത്ത് നിന്ന് 35 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായാണ് രാജേന്ദ്ര ചൗഹാനെ ആദൂര്‍ എസ്.ഐ അജ്മലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. പൊവ്വലിലെ പി.എ മുഹമ്മദ് കുഞ്ഞിയെ പൊവ്വല്‍ ബസ് സ്റ്റോപ്പിന് സമീപത്ത് നിന്ന് 21 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായാണ് പൊലീസ് പിടികൂടിയത്. ബദിയടുക്ക- ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കഞ്ചാവ്, മയക്കുമരുന്ന്, മദ്യം, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ സജീവമാണെന്ന് പൊലീസ് പറയുന്നു.

Related Articles
Next Story
Share it