സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ പരിക്കേറ്റത് മൂന്നുപേര്‍ക്ക്; ആറുപേര്‍ക്കെതിരെ കൂടി കേസ്
സംഭവത്തില്‍ പരസ്പരം ആരോപണം ഉന്നയിച്ച് ഇരുപാര്‍ട്ടികളും

സീതാംഗോളി: മുഗു പൊന്നങ്കളയിലുണ്ടായ സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ പരിക്കേറ്റത് മൂന്നുപേര്‍ക്ക്. പുത്തിഗെ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ചെയര്‍മാനും പുത്തിഗെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമായ സുലൈമാന്‍ ഉജംപദവ്(51), സി.പി.എം പ്രവര്‍ത്തകരായ മുഗുവിലെ നവാസ്(32), അബൂബക്കര്‍ സിദ്ദീഖ്(32) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സുലൈമാന്‍ കാസര്‍കോട് നുള്ളിപ്പാടിയിലെ സ്വകാര്യാസ്പത്രിയിലും നവാസും സിദ്ദീഖും കുമ്പള സഹകരണാസ്പത്രിയിലും ചികില്‍സയിലാണ്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ പൊന്നംകുളത്ത് ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ സുലൈമാനെ കാറിലെത്തിയ സംഘം മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു.
സുലൈമാന്റെ പരാതിയില്‍ പത്തോളം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. നവാസിന്റെ പരാതിയില്‍ ആറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ബുധനാഴ്ച കേസെടുത്തു. ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനായിരുന്നു അക്രമമെന്ന് സുലൈമാനും, പുത്തിഗെയില്‍ ആറുമാസം മുമ്പ് കോണ്‍ഗ്രസ് നിര്‍മ്മിച്ച ബസ് ഷെല്‍ട്ടറുമായി ബന്ധപ്പെട്ട ആരോപണം ചോദ്യം ചെയ്ത വിരോധത്തില്‍ അക്രമം നടത്തുകയായിരുന്നുവെന്ന് സി.പി.എം പ്രവര്‍ത്തകരും ആരോപിച്ചു.