പെറുവത്തോടി പ്രദേശവാസികളുടെ കാലങ്ങളായുള്ള കോണ്‍ക്രീറ്റ് പാലമെന്ന സ്വപ്നം പൂവണിയാന്‍ ഇനിയും കാത്തിരിക്കണം

നാടും നഗരവും അനുദിനം വികസിക്കുമ്പോള്‍ ബെള്ളൂര്‍ പഞ്ചായത്തിലെ 11, 12 വാര്‍ഡുകളെ പരസ്പരം ബന്ധിപ്പിക്കുന്ന കായിമല റോഡിന് കുറുകെയുള്ള പാലം സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്.

ബെള്ളൂര്‍: പെറുവത്തോടി പ്രദേശവാസികളുടെ കാലങ്ങളായുള്ള കോണ്‍ക്രീറ്റ് പാലമെന്ന സ്വപ്നം പൂവണിയാന്‍ ഇനിയും കാത്തിരിക്കണം. നാടും നഗരവും അനുദിനം വികസിക്കുമ്പോള്‍ ബെള്ളൂര്‍ പഞ്ചായത്തിലെ 11, 12 വാര്‍ഡുകളെ പരസ്പരം ബന്ധിപ്പിക്കുന്ന കായിമല റോഡിന് കുറുകെയുള്ള പാലം സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. അക്കരെയും ഇക്കരെയും എത്തണമെങ്കില്‍ ഇന്നും കര്‍ഷകരുടെ കൂട്ടായ്മയില്‍ പണിയുന്ന കവുങ്ങ് പാലം മാത്രമാണ് ആശ്രയം.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേരാണ് ഈ പാലത്തിലൂടെ കടക്കുന്നത്. ബെള്ളൂര്‍, അഗല്‍പാടി, ബെളിഞ്ച, ബദിയടുക്ക തുടങ്ങിയ സ്‌കൂളുകളിലേക്ക് ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ കടന്ന് ചെല്ലാന്‍ ആശ്രയിക്കുന്നത് ഈ പാലമാണ്. കായ്മലയില്‍ നിന്ന് ബസ് സൗകര്യം ഉള്ളത് കൊണ്ട് എറ്റവും എളുപ്പത്തില്‍ പാലത്തിലൂടെ പെറുവത്തോടിയില്‍ നിന്നും പരിസരത്ത് നിന്നും കടന്നെത്തുന്നത് ഈ കവുങ്ങ് പാലത്തിലൂടെയാണ്.

മഴവെള്ള പാച്ചിലില്‍ കുത്തിയൊലിക്കുന്ന തോടിന് മുകളില്‍ ഒന്നോ രണ്ടോ കവുങ്ങ് തടി കൊണ്ടാണ് പാലമുണ്ടാക്കിയിരിക്കുന്നത്. അവയില്‍ ചിലതിന് കൈവരി പോലും ഉണ്ടാകാറില്ല. രക്ഷിതാക്കളില്‍ പലരും സ്‌കൂളില്‍ പോകുന്ന കുട്ടികളെ രാവിലെയും വൈകുന്നേരവും പാലത്തിലൂടെ ഇരുവശങ്ങളിലേക്കും എത്തിക്കാറാണ് പതിവ്. തൊട്ടടുത്ത മുള്ളേരിയയിലേക്കോ ബദിയടുക്കയിലേക്കോ എത്തണമെങ്കില്‍ ഈ പാലമില്ലെങ്കില്‍ 12 കി. മീറ്റര്‍ ചുറ്റി സഞ്ചരിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഏതൊരു ആവശ്യത്തിനും പ്രദേശവാസികള്‍ ആശ്രയിക്കേണ്ടത് കിന്നിംഗാര്‍ ടൗണിനെയാണ്. പഞ്ചായത്ത് ഓഫീസ്, പ്രാഥമിക ആരോഗ്യകേന്ദ്രം, കൃഷി ഭവന്‍, ആയുര്‍വേദ ആസ്പത്രി എന്നിവയെല്ലാം സ്ഥിതി ചെയ്യുന്നത് കിന്നിംഗാറിലാണ്. അതുകൊണ്ട് തന്നെ അപകടം മുന്നില്‍ കണ്ട് ജീവന്‍ പണയം വെച്ചാണ് നാട്ടുകാര്‍ യാത്ര തുടരുന്നത്. ചെറുകിട ജലസേചന പദ്ധതിയില്‍പ്പെടുത്തി പാലം പണിയുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും അത് യാഥാര്‍ത്ഥ്യമാകാന്‍ കടമ്പകള്‍ ഏറെയാണ്.

പാലം സ്ഥിതി ചെയ്യുന്ന സ്ഥലം സൗകര്യ വ്യക്തിയുടേതായതിനാല്‍ നിര്‍മ്മാണ പ്രവൃത്തി നടത്തണമെങ്കില്‍ അദ്ദേഹത്തിന്റെ അനുവാദം വേണം. പ്രദേശവാസികളുടെയും പഞ്ചായത്ത് അധികൃതരുടെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് പാലം കടന്നുപോകുന്ന സ്ഥലം പഞ്ചായത്തിന് വിട്ടുനല്‍കാന്‍ അദ്ദേഹം തയ്യാറായെന്നും കോണ്‍ക്രീറ്റ് പാലം പണിയുന്നതിന് പഞ്ചായത്ത് ഫണ്ട് ഇല്ലാത്തതിനാല്‍ ചെറുകിട ജലസേചന പദ്ധതിയില്‍പ്പെടുത്തി പാലം നിര്‍മ്മിക്കാന്‍ ബന്ധപ്പെട്ട വകുപ്പിന് പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡണ്ട് ശ്രീധര ബെള്ളൂര്‍ പറഞ്ഞു.

Related Articles
Next Story
Share it