തെരുവ് വിളക്കിന്റെ വെളിച്ചത്തില്‍ ചീട്ടുകളി; 13,700 രൂപയുമായി 4 പേര്‍ അറസ്റ്റില്‍
മൂന്നുപേര്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ബദിയഡുക്ക: തെരുവ് വിളക്കിന്റെ വെളിച്ചത്തില്‍ ചീട്ടുകളിയിലേര്‍പ്പെട്ട സംഘത്തിലെ നാലുപേരെ 13,700 രൂപയുമായി പൊലീസ് അറസ്റ്റുചെയ്തു. നെക്രാജെ പാറക്കുന്നിലെ അബ്ദുല്ല(49), നെക്രാജെ ചെമ്പോത്ത് വളപ്പിലെ അബ്ദു റഹ്‌മാന്‍(52), കോട്ടക്കണി കുഞ്ചാറിലെ മുഹമ്മദ് റഫീഖ്(49), ചട്ടഞ്ചാല്‍ ഗവ.ഹോസ്പിറ്റലിന് സമീപത്തെ പി.എം. അഷറഫ്(49) എന്നിവരെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റുചെയ്തത്.
വ്യാഴാഴ്ച രാത്രി 11.30 മണിയോടെ ബദിയഡുക്ക എസ്.ഐ അഖിലിന്റെ നേതൃത്വത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നെല്ലിക്കട്ടയിലെ പൈക്ക ചൂരിപ്പള്ളം മുഗളിമൂല റോഡ് ജംഗ്ക്ഷനില്‍ തെരുവ് വിളക്കിന്റെ വെളിച്ചത്തില്‍ ചീട്ടുകളിക്കുകയായിരുന്ന സംഘത്തിലെ നാലുപേരെ പിടികൂടുകയായിരുന്നു. മൂന്നുപേര്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. അറസ്റ്റിലായവരെ ജാമ്യത്തില്‍ വിട്ടയച്ചു.