പെര്‍ളയില്‍ മസ് ജിദിന്റെ ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് പണം കവര്‍ന്നു; മോഷ്ടാവ് സി.സി.ടി.വിയില്‍ കുടുങ്ങി

കവര്‍ച്ച നടന്നത് ഏപ്രില്‍ 19ന് രാത്രി 9.30നും 20ന് പുലര്‍ച്ചെ 4.30നും ഇടയിലുള്ള സമയത്ത്

ബദിയടുക്ക: ചെര്‍ക്കള- കല്ലടുക്ക റോഡിലെ പെര്‍ളക്ക് സമീപം മര്‍ത്യ ജുമാമസ്ജിദിന്റെ ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് പണം കവര്‍ന്നതായി പരാതി. മസ്ജിദിന്റെ ചുറ്റുമതിലിനകത്ത് സ്ഥാപിച്ച ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് 10,000 രൂപയാണ് കവര്‍ച്ച ചെയ്തത്. പള്ളികമ്മിറ്റി സെക്രട്ടറി പെര്‍ള അജിലടുക്കയിലെ ഷാഹുല്‍ ഹമീദിന്റെ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഒരു യുവാവ് പതുങ്ങി ഭണ്ഡാരപ്പെട്ടിക്ക് സമീപം വരുന്നതും പെട്ടി തുറന്നതിന് ശേഷം ചുറ്റുമതിലിന് പുറത്ത് നിര്‍ത്തിയിട്ട ബൈക്കില്‍ കയറി പോകുന്നതുമായ ദൃശ്യങ്ങള്‍ കണ്ടെത്തി. ഏപ്രില്‍ 19ന് രാത്രി 9.30നും 20ന് പുലര്‍ച്ചെ 4.30നും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്ന് സി.സി.ടി.വി ദൃശ്യത്തില്‍ വ്യക്തമാകുന്നു.

അന്നേ ദിവസം തന്നെ വിട് ള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുഡ്ഡുപ്പദവ് പള്ളിയിലും കവര്‍ച്ച നടന്നിരുന്നു. മര്‍ത്യ മസ് ജിദിലെ മോഷണത്തിന് ശേഷം കുഡ്ഡുപ്പദവിലും കവര്‍ച്ച നടത്തിയ ആള്‍ ഇവിടെ നിന്ന് കര്‍ണ്ണാടകയിലേക്ക് കടന്നിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് പെര്‍ള ഇടിയടുക്കയിലെ അബ്ബാസലിയുടെ വീട് കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന എട്ടുപവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും കവര്‍ന്നിരുന്നു. ഈ സംഭവത്തില്‍ പൊലീസ് കേസെടുത്തതല്ലാതെ അന്വേഷണം എങ്ങുമെത്തിയില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Related Articles
Next Story
Share it