ബെദിരംപള്ളയില്‍ മരക്കമ്പ് പൊട്ടി തലയില്‍ വീണ് ലോറി ഡ്രൈവര്‍ മരിച്ചു

ബണ്ട്വാള്‍ പേറാജെ കുടോലു ഹൗസില്‍ കെ ജഗദീശ ഗൗഡ ആണ് മരിച്ചത്

ബദിയടുക്ക: പെര്‍ള-സീതാംഗോളി റോഡിലെ ബെദിരംപള്ളയില്‍ മരക്കൊമ്പ് പൊട്ടി തലയില്‍ വീണ് ലോറി ഡ്രൈവര്‍ മരിച്ചു. കര്‍ണ്ണാടക ബണ്ട്വാള്‍ പേറാജെ കുടോലു ഹൗസില്‍ കെ ജഗദീശ ഗൗഡ(50) ആണ് മരിച്ചത്. കാന്തപ്പ ഗൗഡയുടെയും ഗീതമ്മയുടെയും മകനാണ്. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

ജഗദീശ മൂടുബിദ്രിയില്‍ നിന്ന് കാസര്‍കോട്ടേക്ക് കാലിത്തീറ്റ കയറ്റിയ ലോറി ഓടിച്ചുവരികയായിരുന്നു. ബെദിരംപള്ളയിലെത്തിയപ്പോള്‍ ലോറി റോഡരികില്‍ നിര്‍ത്തി മരച്ചുവട്ടില്‍ നിന്ന് മൂത്രമൊഴിക്കുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയില്‍ വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ജഗദീശ ഗൗഡയെ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു.

ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ച് സംസ്‌ക്കരിച്ചു. ഭാര്യ: പ്രേമ. മക്കള്‍: മോക്ഷിത്, ബിന്ദു. സഹോദരങ്ങള്‍: ഗിരീശ, കേശവ, ഭരത്. പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.

Related Articles
Next Story
Share it