ബദിയടുക്കയില്‍ മണ്ണ് മാഫിയ സംഘം ഏറ്റുമുട്ടി; ഗുരുതര പരിക്കുകളോടെ ഒരാള്‍ ആസ്പത്രിയില്‍
തനിക്ക് വധ ഭീഷണിയുണ്ടെന്ന് പൊലീസിനെ അറിയിച്ചിട്ടും ഗൗനിച്ചില്ലെന്ന് പരിക്കേറ്റ യുവാവ്

ബദിയടുക്ക: ടൗണില്‍ മണ്ണ് മാഫിയ സംഘം തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ മാവിനക്കട്ട സ്വദേശിയായ യുവാവിന് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മാവിനക്കട്ട പുളിന്റടിയിലെ അഷറഫിനെ ചെര്‍ക്കളയിലെ സി.എം. മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
വിദ്യാഗിരി, മുനിയൂര്‍, നെക്രാജെ എന്നീ സ്ഥലങ്ങളിലെ മൂന്നംഗ സംഘം ബദിയടുക്ക സ്റ്റേഷന്‍ പരിസരത്ത് നിന്നും അനധികൃതമായി കുന്നിടിച്ച് മണ്ണ് കടത്തുന്നതായി വിവരം ലഭിച്ചിരുന്നു. സ്റ്റേഷനിലെ രണ്ട് പൊലീസുകാരുടെ ഒത്താശയോടെയാണ് രാത്രിയിലും പകല്‍ സമയങ്ങളിലും മണ്ണ് കടത്തുന്നത്.
ഇതില്‍ ഒരു പൊലീസുകാരനെ മഞ്ചേശ്വരം സ്റ്റേഷനിലേക്ക് മാറ്റിയെങ്കിലും ചുമതല ഏറ്റെടുത്തില്ല. മറ്റൊരാള്‍ വര്‍ഷങ്ങളോളമായി ബദിയടുക്കയിലുമാണ്. രണ്ടു പൊലീസുകാരെ വേണ്ടുന്ന വിധം കണ്ടാല്‍ എല്ലാം ശരിയാകുമെന്ന് മണല്‍ മാഫിയ സംഘം വിശ്വസിക്കുന്നുണ്ട്. ഇതിന് കൂട്ടായി സ്റ്റേഷനില്‍ നിത്യ സന്ദര്‍ശകനായ ശുഭ്ര വസ്ത്രധാരിയായ മറ്റൊരു വ്യക്തിയുമുണ്ട്.
ഇത്തരത്തില്‍ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ പിലാങ്കട്ടയില്‍ നിന്നും ബദിയടുക്ക ബോളുകട്ട ഭാഗത്തേക്ക് മണ്ണ് കടത്തുന്നുണ്ടെന്ന വിവരം പൊലീസിനെ അഷറഫ് അറിയിച്ചുവെന്ന് ആരോപിച്ച് പുലര്‍ച്ചെ മൂന്ന് മണിയോടെ എത്തിയ മൂന്നംഗ സംഘം മുകളിലെ ബസാറിലെ ബസ് സ്റ്റാന്റിലിരിക്കുകയായിരുന്ന അഷറഫിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം.
പ്രാണ രക്ഷാര്‍ത്ഥം ഓടി സമീപത്തെ കെട്ടിടത്തിലേക്ക് കയറുന്നതിനിടെ താഴെ വീണ് അഷറഫിന് പരിക്കേറ്റു. തലക്കും , വാരി എല്ലുകള്‍ പൊട്ടിയും ഗുരുതരമായി പരിക്കേറ്റ അഷറഫ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. തനിക്ക് വധ ഭീഷണിയുണ്ടെന്ന് പൊലീസിനെ അറിയിച്ചിട്ടും ഗൗനിച്ചില്ലെന്നും ആരോപിക്കുന്നു.