ജെ.സി.ബി ഡ്രൈവറുടെ മരണം; യുവാവിനെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു
കിളിംഗാറിലെ മട്ട ഗണേശന്‍ എന്ന ഗണേശനെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്.

ബദിയടുക്ക: ജെ.സി.ബി ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവത്തില്‍ യുവാവിനെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. സുള്ള്യ പേരാജെ നിധിമല സ്വദേശിയും കന്നിപ്പാടിക്ക് സമീപം പാടലടുക്ക നിടുഗളയിലെ വാടകവീട്ടില്‍ താമസക്കാരനുമായ ടി.എന്‍ കുമാര(26)യുടെ മരണവുമായി ബന്ധപ്പെട്ട് നീര്‍ച്ചാലിന് സമീപം കിളിംഗാറിലെ മട്ട ഗണേശന്‍ എന്ന ഗണേശനെ(36)യാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് കുമാരയെ വാടകവീട്ടിലെ അടുക്കളയില്‍ ഹുക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗണേശന്റെ ഭീഷണിയാണ് കുമാരയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് ഗണേശനെതിരെ കേസെടുത്തത്.
കുമാര ഒരു പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നു. നാലുമാസം മുമ്പ് കിളിംഗാറിലെ ബന്ധുവീട്ടില്‍ വന്ന പെണ്‍കുട്ടിയുമായി കുമാര സംസാരിച്ചപ്പോള്‍ അവിടെ വന്ന ഗണേശന്‍ കുമാരയെ മര്‍ദ്ദിച്ചു. ഈ സംഭവത്തില്‍ കുമാരയുടെ പരാതിയില്‍ ഗണേശനെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നു.
ഈ കേസില്‍ ഒളിവില്‍പോയ ദിനേശന്‍ പിന്നീട് ഫോണിലൂടെയും നേരിട്ടും കുമാരയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും ഇതാണ് കുമാര ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.