മുഗു പടുവളത്ത് കോഴിയങ്കം; 6800 രൂപയുമായി നാലുപേര്‍ അറസ്റ്റില്‍
നാല് അങ്കക്കോഴികളെയും കസ്റ്റഡിയിലെടുത്തു

ബദിയടുക്ക: മുഗു പടുവളത്ത് കോഴിയങ്കത്തിന് നേതൃത്വം നല്‍കിയ നാലുപേരെ 6800 രൂപയുമായി പൊലീസ് അറസ്റ്റ് ചെയ്തു. ഇവിടെ നിന്നും നാല് അങ്കക്കോഴികളെയും കസ്റ്റഡിയിലെടുത്തു. നിടുഗള ബേരികയിലെ ഉദയന്‍(35), കുമ്പള ഗോപാലകൃഷ്ണക്ഷേത്രത്തിന് സമീപത്തെ പ്രവീണ്‍ കുമാര്‍(39), ബേള കോടിങ്കാറിലെ ഗോപാലന്‍(64), സൂരംബയല്‍ പെര്‍ണയിലെ ശ്രീധരന്‍(42) എന്നിവരെയാണ് ബദിയടുക്ക എസ്.ഐ സുമേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകിട്ട് 6.40 മണിയോടെ പടുവളത്ത് പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. പ്രൊബേഷണല്‍ എസ്.ഐ രൂപേഷ്, എ.എസ്.ഐ മഹമൂദ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. കോഴിയങ്കം നടത്തുന്നത് നിയമ വിരുദ്ധമാണെന്നിരിക്കെയാണ് പല സ്ഥലങ്ങളിലും ഇപ്പോഴും ഇത് തുടരുന്നത്.
അധികൃതരുടെ കണ്ണുവെട്ടിച്ച് കോഴിയങ്കം നടത്തുന്നതിനിടെ ഉടമകള്‍ തമ്മില്‍ പലപ്പോഴും വാക്കേറ്റവും കയ്യാങ്കളിയും നടക്കുന്നതും പതിവാണ്. പലപ്പോഴും പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കുന്നത്.