പുള്ളിമുറി ചൂതാട്ടം; ബദിയടുക്ക-ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലായി 14 പേര്‍ പിടിയില്‍
രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘമെത്തി ചീട്ടുകളി സംഘത്തെ പിടികൂടിയത്

ബദിയടുക്ക : പണംവെച്ച് പുള്ളിമുറി ചൂതാട്ടത്തിലേര്‍പ്പെടുന്നതിനിടെ ബദിയടുക്ക-ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലായി 14 പേര്‍ പൊലീസ് പിടിയിലായി. നീര്‍ച്ചാലിന് സമീപം പുതുക്കോളിയില്‍ ചീട്ടുകളിക്കുകയായിരുന്ന മൊഗ്രാല്‍ മധൂര്‍ ഹൗസിലെ അബ്ദുള്‍ റഹ്‌മാന്‍(60), ആദൂര്‍ മഞ്ഞംപാറ റഹ്‌മത്ത് നഗറിലെ മുഹമ്മദ് ഹനീഫ(52), മാന്യ ബദര്‍ ക്വാര്‍ട്ടേഴ്സിലെ മുഹമ്മദ് താസി(44), നെക്രാജെ ചന്ദ്രംപാറയിലെ അനീഷ് ജോസഫ്(38), നീര്‍ച്ചാല്‍ കാക്കുഞ്ചയിലെ കെ നവീന്‍(40), കൊല്ലമ്പാറയിലെ ബാസ്റ്റിക് മന്തേരോ(53), മാന്യ തേവര്‍ക്കരയിലെ വിജയന്‍(50), മാന്യ തുക്കിനടുക്കയിലെ മുഹമ്മദ് സുലൈമാന്‍(50), നെക്രാജെ ചെമ്പക്ക വളപ്പിലെ അബ്ദുള്‍ റഹ്‌മാന്‍, പെരിയ തണ്ണോട്ടെ മണികണ്ഡന്‍(53) എന്നിവരെയാണ് ആദൂര്‍ സി.ഐ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
രഹസ്യവിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് പൊലീസ് സംഘമെത്തി ചീട്ടുകളി സംഘത്തെ പിടികൂടിയത്. ഇവരില്‍ നിന്ന് 14,970 രൂപയും പിടിച്ചെടുത്തു. കുണ്ടാര്‍ ബസ് വെയ്റ്റിംഗ് ഷെഡിന് സമീപം പുള്ളിമുറി ചൂതാട്ടത്തിലേര്‍പ്പെട്ട ആദൂര്‍ പട്ടത്ത വയലിലെ നിഷാന്ത്(32), ആദൂര്‍ പഞ്ചക്കടവിലെ ചിത്രകുമാര്‍(46) എന്നിവരെ ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 2200 രൂപ പിടികൂടി.
മുളിയാര്‍ ബിവറേജ് മദ്യശാലക്ക് പിറകുവശം ചീട്ടുകളിക്കുകയായിരുന്ന മുള്ളേരിയയിലെ മോഹനന്‍(49), ആദൂര്‍ മൂലക്കണ്ടത്തെ ചെനിയ നായക്(51) എന്നിവരും അറസ്റ്റിലായി. ഇവരില്‍ നിന്ന് 1500 രൂപ പിടിച്ചെടുത്തു.

