തെരുവ് വിളക്കിന്റെ വെളിച്ചത്തില്‍ പുള്ളിമുറി ചൂതാട്ടം; 4,600 രൂപയുമായി അഞ്ചു പേര്‍ അറസ്റ്റില്‍
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്

ബദിയടുക്ക: രാത്രി കാലങ്ങളില്‍ പൊതു സ്ഥലത്ത് തെരുവ് വിളക്കിന്റെ വെളിച്ചത്തില്‍ ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പുള്ളിമുറി ചൂതാട്ടം സജീവമാകുന്നതായി പൊലീസ്. ഇതോടെ പരിശോധന ശക്തമാക്കി പൊലീസ്. പുള്ളിമുറി ചൂതാട്ടത്തിലേര്‍പ്പെട്ട അഞ്ചു പേരെ ബദിയടുക്ക പൊലീസ് അറസ്റ്റുചെയ്തു. ബംബ്രാണ ഹൗസിലെ ജയപ്രകാശ് (35), നെക്രാജെ തോട്ടുംക്കരയിലെ ചന്ദ്രശേഖര(45), എടനീര്‍ നെല്ലിക്കട്ടയിലെ ചന്ദ്രന്‍(54), എടനീര്‍ വീരമൂലയിലെ ഭാസ്‌കരന്‍(52)എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ നിന്ന് ചൂതാട്ടത്തിന് ഉപയോഗിച്ച 4,600 രൂപയും പിടിച്ചെടുത്തു. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെ ബദിയടുക്ക എസ് ഐ അഖിലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നെല്ലിക്കട്ടയിലെ പൊതുസ്ഥലത്ത് തെരുവ് വിളക്കിന്റെ വെളിച്ചത്തില്‍ ചുതാട്ടത്തില്‍ ഏര്‍പ്പെട്ടവരാണ് അറസ്റ്റിലായത്. പിന്നീട് കേസ് റജിസ്റ്റര്‍ ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് പറഞ്ഞു.